സംവിധായകൻ രാം ഗോപാൽ വർമ വീണ്ടും നിയമക്കുരുക്കിൽ. ഇത്തവണ വലിയ സാമ്പത്തിക തർക്കത്തിലാണ് വിവാദ സംവിധായകൻ അകപ്പെട്ടിരിക്കുന്നത്. എക്ലാറ്റന്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിർമാണക്കമ്പനിയാണ് രാം ഗോപാൽ വർമ്മയോട് 29.67 കോടി രൂപ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യനോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
'കംപ്ലീറ്റ് സിനിമ' മാസികയുടെ 2026 ഒക്ടോബർ 24, 31 തീയതികളിലെ പതിപ്പുകളിലാണ് പരസ്യനോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബർ 15ന് രാം ഗോപാൽ വർമ്മയ്ക്ക് നിയമനോട്ടീസ് അയച്ചതായും 29,67,64,000 രൂപയുടെ കുടിശ്ശിക തീർപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു. ഇതിൽ 11.38 കോടി രൂപ പലിശയിനത്തിലുള്ള തുകയാണെന്നതും ശ്രദ്ധേയമാണ്.
2010 ഏപ്രിൽ 10ന് ഇരുകക്ഷികളും തമ്മിൽ ഒപ്പുവച്ച കരാറുമായി ബന്ധപ്പെട്ടാണ് തർക്കമെന്നാണ് നോട്ടീസിൽ നിന്ന് വ്യക്തമാകുന്നത്. 2013 ഏപ്രിൽ 17ന് ഇതേ കരാറുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ചും കമ്പനി പരാമർശിച്ചിട്ടുണ്ട്.
കുടിശ്ശിക തുക അടച്ചുതീർക്കാൻ 2026 ഒക്ടോബർ 30 വരെയാണ് എക്ലാറ്റന്റ് ഫിലിംസ് രാം ഗോപാൽ വർമയ്ക്ക് സമയം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തുക അടച്ചില്ലെങ്കിൽ കരാറിന്റെ പരിധിയിൽ വരുന്ന സിനിമകളിലും പ്രോജക്ടുകളിലും അദ്ദേഹത്തിനുള്ള ഓഹരി, താൽപര്യങ്ങൾ, വരുമാനം, ചൂഷണാവകാശങ്ങൾ എന്നിവയിൽ കരാർ പ്രകാരമുള്ള അവകാശങ്ങൾ വിനിയോഗിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കരാറിൽ ആവശ്യപ്പെടുന്നിടത്ത് കമ്പനിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ രാം ഗോപാൽ വർമയുമായി ഇടപാടുകളിൽ ഏർപ്പെടരുതെന്ന് നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവരോടും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കുടിശ്ശിക തീർപ്പാക്കുന്നതുവരെ സിനിമാ നിർമാണം, സഹനിർമാണം, സംവിധാനം, തിരക്കഥാരചന തുടങ്ങിയ പ്രവർത്തനങ്ങളിൽ മൂന്നാം കക്ഷികളുമായി സഹകരിക്കുന്നതിന് എക്ലാറ്റന്റ് ഫിലിംസിന്റെ മുൻകൂർ രേഖാമൂലമുള്ള എൻഒസി വാങ്ങണമെന്നും നോട്ടീസിൽ പറയുന്നു.
ആവശ്യമായ എൻഒസി ഇല്ലാതെ രാം ഗോപാൽ വർമയുമായി ഇടപാടുകളിൽ ഏർപ്പെടുന്നവർ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, എക്ലാറ്റന്റ് ഫിലിംസിന്റെ പരസ്യനോട്ടീസിനോട് രാം ഗോപാൽ വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല.