'ഏക് ദുജേ കേ ലിയേയിൽ കമൽഹാസനും രതി അ​ഗ്നിഹോത്രിയും, രാകേഷ് ബേദി ​ഗോവ ചലച്ചിത്രമേളയിൽ രാകേഷ് ബേദി കടപ്പാട്-ഐഎംഡിബി,പിഐബി
Bollywood

'ധുരന്ധറിനേ'ക്കാൾ വലിയ ഹിറ്റ് 'ഏക് ദുജേ കേ ലിയേ': ​ഗോവ മേളയിൽ 'ചക്രം'

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍' എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു യുഗം പിറന്നെങ്കിലും, 1981-ല്‍ പുറത്തിറങ്ങിയ 'ഏക് ദുജേ കേ ലിയേ' എന്ന ചിത്രത്തിന് ലഭിച്ച വിജയമാണ് അതിനേക്കാള്‍ മികച്ചതെന്ന് നടന്‍ രാകേഷ് ബേദി. കമല്‍ഹാസനും രതി അഗ്‌നിഹോത്രിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുണ്ടായ ദേഷ്യത്തെത്തുടര്‍ന്ന് വധഭീഷണി വരെ ലഭിച്ചിരുന്നതായി രാകേഷ് ബേദി ഓര്‍മിച്ചു.

ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്‌ഐ) വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സിനിമാ ജീവിതത്തിലെ ഓര്‍മകള്‍ പങ്കുവെച്ചത്. നവംബര്‍ 21-ന് മേളയില്‍ 'ധുരന്ധര്‍' പ്രദര്‍ശിപ്പിച്ചിരുന്നു; ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടനവും രാകേഷ് ബേദിയാണ് നിര്‍വഹിച്ചത്. സോഷ്യല്‍ മീഡിയയോ, ഇന്നത്തെപ്പോലെ അതിവേഗമുള്ള പ്രചാരണ സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത്, വിവിധ നഗരങ്ങളിലായി നാല് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് 'ഏക് ദുജേ കേ ലിയേ' വിജയകരമായി പ്രദര്‍ശിപ്പിച്ചതെന്ന് രാകേഷ് ബേദി ചൂണ്ടിക്കാണിച്ചു.

'ഏക് ദുജേ കേ ലിയേ' എന്ന ചിത്രത്തിൽ രാകേഷ് ബേദി

ഇന്നത്തെ തലമുറയ്ക്ക് ആ വിജയത്തിന്റെ വ്യാപ്തി സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലെന്നും, അത് 'ധുരന്ധറി'നേക്കാള്‍ വലിയ ഹിറ്റായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'ധുരന്ധര്‍' വന്‍ വിജയമായത് സോഷ്യല്‍ മീഡിയയുടെ കരുത്തുകൂടി കൊണ്ടാണെന്നും, ഒരൊറ്റ ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു സെക്കന്‍ഡില്‍ ലോകമെമ്പാടും എത്താവുന്ന ഇന്നത്തെ കാലത്ത് നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.

രാകേഷ് ബേദി ​ഗോവ ചലച്ചിത്രമേളയിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

'ഏക് ദുജേ കേ ലിയേ'യില്‍ താന്‍ അവതരിപ്പിച്ച ചക്രം എന്ന കോമിക് വില്ലന്‍ കഥാപാത്രം മൂലമാണ് നായികാനായകന്മാര്‍ മരിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്ന് കത്തുകളിലൂടെ വധഭീഷണി നേരിടേണ്ടി വന്ന അനുഭവം അദ്ദേഹം വിവരിച്ചു. അന്ന് ഫോണ്‍ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍, 'നിന്നെ ഞങ്ങള്‍ കൊന്നുകളയും, നീ കാരണമാണ് അവര്‍ മരിച്ചത്' എന്നിങ്ങനെയുള്ള ഭീഷണി കത്തുകളാണ് വീട്ടിലേക്ക് വന്നിരുന്നതെന്ന് രാകേഷ് ബേദി വെളിപ്പെടുത്തി.

'ഏക് ദുജേ കേ ലിയേ' എന്ന ചിത്രത്തിൽ കമൽഹാസനും രതി അ​ഗ്നിഹോത്രിയും

തന്റെ പഴയ ടെലിവിഷന്‍ പരമ്പരയായ 'യേ ജോ ഹേ സിന്ദഗി'യുടെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ധുരന്ധറി'ന് ലഭിച്ച സ്വീകാര്യത കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ താന്‍ കണ്ടിട്ടില്ലാത്ത ആഗോള വിജയമാണെന്ന് രാകേഷ് ബേദി അഭിപ്രായപ്പെട്ടു. 'ധുരന്ധര്‍' പോലൊരു ഹിറ്റ് മറ്റാര്‍ക്കും ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും, അതുല്യമായൊരു വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മുഗള്‍-ഇ-അസം' (1960), 'ഷോലെ' (1975) എന്നിവയ്‌ക്കൊപ്പം 'ധുരന്ധറി'നെയും ചേര്‍ത്ത് ഇന്ത്യന്‍ സിനിമയെ മൂന്ന് പ്രധാന നാഴികക്കല്ലുകളായി പല സിനിമാ നിരീക്ഷകരും ഇപ്പോള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഏക് ദുജേ കേ ലിയേ' പോസ്റ്റർ

കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'ഏക് ദുജേ കേ ലിയേ' കമല്‍ഹാസന്റെ ഹിന്ദി സിനിമാ അരങ്ങേറ്റവും രതി അഗ്‌നിഹോത്രിയുടെ ഹിന്ദിയിലേക്കുള്ള കടന്നുവരവും അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. രതിയുടെ സപ്നയെ കമൽ അവതരിപ്പിച്ച വാസുവില്‍ നിന്ന് അകറ്റാന്‍ സപ്നയുടെ അമ്മ കൊണ്ടുവരുന്ന ചക്രവര്‍ത്തി എന്ന 'ചക്രം' എന്ന കഥാപാത്രത്തെയാണ് രാകേഷ് ബേദി അവതരിപ്പിച്ചത്. എന്നാല്‍ സപ്നയോട് പ്രണയം തോന്നുന്ന ഇയാള്‍ പ്രണയിതാക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.

'ഏക് ദുജേ കേ ലിയേ' എന്ന ചിത്രത്തിൽ കമൽഹാസനും രതി അ​ഗ്നിഹോത്രിയും

ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍' 2025-ലും 2026-ലുമായി രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. രണ്‍വീര്‍ സിങ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍, ആര്‍. മാധവന്‍, സാറ അര്‍ജുന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.