പ്രിയദർശൻ ഷാരൂഖ് ഖാനൊപ്പം ഷൂട്ടിങ്ങിനിടെ ഫോട്ടോ കടപ്പാട്-പ്രിയദർശൻ ഫേസ്ബുക്ക് പേജ്
Bollywood

ഷാരൂഖിന് ഗ്രാമീണനാകാന്‍ കഴിയില്ല; അക്ഷയ് കുമാര്‍ തനി നാട്ടുമ്പുറത്തുകാരന്‍-പ്രിയദർശൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡിലെ സൂപ്പര്‍താരം ഷാരുഖ് ഖാന് സാധാരണ ഗ്രാമീണ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രിയദര്‍ശന്‍. 'ബില്ലു' എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിലാണ് പ്രിയദര്‍ശന്റെ നിരീക്ഷണം. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ തന്റെ അഭിപ്രായം പങ്കുവച്ചത്.

ഷാരൂഖിനെ ഉള്‍ഗ്രാമത്തിലേക്കു കൊണ്ടുപോയപ്പോഴുള്ള അനുഭവവും പ്രിയദര്‍ശന്‍ വിവരിച്ചു. ഡല്‍ഹി പോലെയുള്ള മെട്രോ നഗരത്തില്‍ വളര്‍ന്ന തനിക്ക് ഗ്രാമീണ ജീവിതവുമായി ഒട്ടും പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് ഷാരൂഖ് തന്നെ തുറന്നുപറഞ്ഞിരുന്നു. ഷാരൂഖിന്റെ ശരീരഭാഷ വളരെ പരിഷ്‌കൃതവും നഗരകേന്ദ്രീകൃതവുമാണ്. സ്‌റ്റൈലിഷ് വേഷങ്ങൾ അവതരിപ്പിക്കുന്ന നടന്മാര്‍ക്കു പലപ്പോഴും നാട്ടിന്‍പുറത്തുകാരനായി മാറുക പ്രയാസമാണെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.

പ്രിയദർശനും അക്ഷയ്കുമാറും

അതേസമയം, അക്ഷയ്കുമാറിനെപ്പോലെയുള്ള താരങ്ങള്‍ക്കു സാധാരണക്കാരനായി മാറാന്‍ എളുപ്പമാണെന്നു പ്രിയദര്‍ശന്‍ പറഞ്ഞു. 'ഖാട്ടാ മീഠ'യിലെ റോഡ് കോണ്‍ട്രാക്ടറുടെ വേഷം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. അക്ഷയ്കുമാറിന്റെ നടപ്പും ശരീരഭാഷയും വളരെ പെട്ടെന്നുതന്നെ സാധാരണക്കാരോടു ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

'ഭൂത് ബംഗ്ല' പോസ്റ്റർ

പതിനാറു വര്‍ഷത്തിനു ശേഷം 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുകയാണ്. 2009-ല്‍ പുറത്തിറങ്ങിയ 'ബില്ലു' ആണ് പ്രിയദര്‍ശനും ഷാരൂഖും ഒന്നിച്ച ഏക ചിത്രം. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ബില്ലു. പ്രിയദര്‍ശന്‍-അക്ഷയ് ചിത്രം 'ഭൂത് ബംഗ്ല' ഏപ്രില്‍ 17-ന് തിയറ്ററുകളിലെത്തും. ഏപ്രില്‍ 16-ന് പ്രത്യേക പ്രീമിയര്‍ ഷോകളും ഉണ്ടായിരിക്കും. ബാലാജി മോഷന്‍ പിക്‌ചേഴ്‌സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.