അമ്പത്തൊന്നാമത് ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ കൊടിയേറ്റത്തിനു ഏഴ് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഗാലാ - പ്ലാറ്റ്‌ഫോം - പ്രത്യേക പ്രദര്‍ശനവിഭാഗങ്ങളിലായി തൊണ്ണൂറോളം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവന്നു. ഇന്ത്യന്‍ - കനേഡിയന്‍ ചലച്ചിത്രകാരനായ റിച്ചി മേത്തയുടെ 'ഫൂലന്‍' ഇതിൽ ഇടം നേടിയിട്ടുണ്ട്.
സ്നേഹാകുമാരി ഫൂലന്‍ ദേവിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 'ഐ ഫൂലൻ ദേവി-ദ് ഓട്ടോബയോഗ്രഫി ഓഫ് ഇന്ത്യാസ് ബൻഡിറ്റ് ക്വീൻ' എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കി നമ പിക്ചേഴ്സ് പ്രൊഡക്ഷനുവേണ്ടി നിര്‍മിച്ചിരിക്കുന്നത് ഷെറിൻ മന്ത്രി കേഡിയ,കിഷോർ അറോറ,കൻവാൽ കോഹ്ലി എന്നിവരാണ്. അനുരാഗ് ഠാക്കൂര്‍, വിക്രം പ്രതാപ് സിങ്, ആകാശ് ദഹിയ, പ്രതീക് പച്ചോരി, ദേവ് ദത്ത് ബുധോലിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ചമ്പല്‍ കൊള്ളക്കാരിയില്‍ നിന്ന് ഫൂലന്‍ ദേവിയുടെ ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗമായുള്ള രൂപപരിണാമം ഇന്ത്യയില്‍ രണ്ട് ദശാബ്ദക്കാലം ചൂടേറിയ ചര്‍ച്ചകളായിരുന്നു. സംവിധായകന്‍ റിച്ചി മേത്ത പ്രധാനമായും ഈ ചിത്രത്തില്‍ കേന്ദ്രീകരിച്ചിട്ടുള്ളത് നാല്‌പത്തെട്ടു മണിക്കൂര്‍ നീണ്ടു നിന്ന, രണ്ടായിരത്തോളം വരുന്ന സൈന്യവുമായുള്ള ഫൂലന്‍റെ ഏറ്റുമുട്ടലും കീഴടങ്ങലുമാണ്.
ഫൂലന്‍ ദേവിയുടെ ജീവിതകഥ ഇന്ത്യയില്‍ ചലച്ചിത്രമാകുന്നത് ഇതാദ്യമായിട്ടല്ല. പ്രശസ്ത നടി സീമാ ബിശ്വാസ് ഫൂലന്‍റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട 'ബാന്‍ഡിറ്റ് ക്വീന്‍' എന്ന ചിത്രം 1994 ല്‍ സംവിധാനം ചെയ്തത് ശേഖര്‍ കപൂറായിരുന്നു. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും സീമാ ബിശ്വാസിന് മികച്ച നടിക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.
നെറ്റ്ഫ്ലിക്സിനു വേണ്ടി 'ഡെല്‍ഹി ക്രൈം' സീരീസിന്‍റെ ആദ്യഭാഗം ചെയ്ത റിച്ചിമേത്ത കാനഡയില്‍ വേരുകളുള്ള വിഖ്യാതചലച്ചിത്രകാരനാണ്. ആമസോണ്‍ പ്രൈമിനു വേണ്ടി മുമ്പ് അദ്ദേഹം ചെയ്തത് 'പോച്ചര്‍' എന്ന സീരീസ് ആയിരുന്നു. ഫൂലന്‍റെ ആഗോളവിതരണാവകാശവും പ്രൈം വീഡിയോയ്ക്ക് തന്നെയാണ്.
'ഒരു ചിത്രനിര്‍മ്മാണത്തില്‍ എന്‍റെ മനസ്സിലുള്ളതത്രയും ചിത്രീകരിക്കാനുള്ള സ്വാതന്ത്ര്യം ഇതിന്‍റെ ചിത്രീകരണവേളയില്‍ എനിക്ക് കിട്ടിയിരുന്നു.' - റിച്ചിമേത്ത പറയുന്നു.
റിച്ചിമേത്തയുടെ ആദ്യചിത്രമായ 'അമല്‍' 2007 ലെ സാന്‍ഫ്രാന്‍സിസ്‌ക്കോ ഇന്‍റര്‍നാഷനല്‍ ഏഷ്യന്‍- അമേരിക്കന്‍ ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ ചിത്രത്തിലെ തന്നെ അഭിനയത്തിന് രുപീന്ദര്‍ നഗ്രയ്ക്ക് 2008 ലെ വിസ്‌ലര്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. 2013 ല്‍ അദ്ദേഹം സംവിധാനം ചെയ്ത 'സിദ്ധാര്‍ത്ഥ്' ടൊറോന്‍റോ, പ്യോങ്‌യാങ് (ഉത്തര കൊറിയ) മേളകളില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.