ദേ കോള്‍ ഹിം ഒജി പോസ്റ്റർ അറേഞ്ച്ഡ്
Bollywood

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി മൂന്നാംമാസത്തിലും സഹസ്രകോടി തിളക്കം

പപ്പപ്പ ഡസ്‌ക്‌

ഇന്ത്യന്‍ ചലച്ചിത്രവ്യവസായം തുടര്‍ച്ചയായി മൂന്നാം മാസത്തിലും ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി. തുടര്‍ച്ചയായ മൂന്നാം മാസത്തിലും 1000 കോടി രൂപയിലേറെയാണ് നേടിയത്. സെപ്റ്റംബറിലെ കണക്കാണിത്.വിവിധ സിനിമകള്‍ രാജ്യത്താകമാനമുള്ള തിയേറ്ററില്‍നിന്ന് 1,035 കോടിരൂപ നേടിയെന്നാണ് ഓര്‍മാക്‌സ് മീഡിയയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2024ല്‍ ഇതേ കാലയളവിലെ കളക്ഷനേക്കാൾ 18 ശതമാനം വർ​ധനയുണ്ടാതായും ഓർമാക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം 12,000 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. 2023ല്‍ നേടിയ 12,226 കോടിയെ മറികടന്നേക്കാമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. ബോക്‌സ് ഓഫീസ് പ്രകടനത്തിൽ സെപ്റ്റംബർ മുന്നിലെത്തിയ പത്തുചിത്രങ്ങളും വരുമാനവും താഴെ. പട്ടികയിൽ മലയാളചിത്രങ്ങളൊന്നും ഇടം നേടിയിട്ടില്ല.

1. ദേ കോള്‍ ഹിം ഒജി - 224 കോടി

2. ജോളി എല്‍എല്‍ബി 3 - 139 കോടി

3. മിറായി - 109 കോടി

4. ദി കണ്‍ജറിങ്-ലാസ്റ്റ് റൈറ്റ്‌സ് - 100 കോടി

5. ഡീമെണ്‍ സ്ലേയര്‍ - 90 കോടി

6. മദ്രാസി - 73 കോടി

7. ബാഗി 4 - 64 കോടി

8. ലിറ്റില്‍ ഹാര്‍ട്‌സ് - 31 കോടി

9. ദശാവതാര്‍ - 30 കോടി

10. കിഷ്‌കിന്ധാപുരി - 20കോടി.

ജോളി എല്‍എല്‍ബി 3 പോസ്റ്റർ

മറാഠി ചിത്രമായ 'ദശവതാറി'ന്റെ ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 2025 ല്‍ പുറത്തിറങ്ങിയ മറ്റേതൊരു മറാഠി ചിത്രത്തേക്കാളും മൂന്നിരട്ടിയാണ്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ 10 ചിത്രങ്ങളില്‍ ആറ് സിനിമകളുമായി ബോളിവുഡ് ആധിപത്യം പുലര്‍ത്തുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങളും ഒരു തമിഴ് ചിത്രവും ബഹുഭാഷാ ആനിമേറ്റഡ് ചിത്രമായ മഹാവതര്‍ നരസിംഹയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പക്ഷേ,ബോളിവുഡ് ചിത്രങ്ങളുടെ ആകെ കളക്ഷന്‍ 40 ശതമാനത്തില്‍നിന്ന് 38 ശതമാനമായി കുറഞ്ഞു. അതേസമയം തെലുങ്ക് ചിത്രങ്ങളുടേത് 18 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ന്നു. അന്താരാഷ്ട്ര സിനിമകള്‍ 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കളക്ഷന്‍ വര്‍ധിപ്പിച്ചു. ഹോളിവുഡ് ചിത്രമായ 'ദി കണ്‍ജറിങ്- ലാസ്റ്റ് റൈറ്റ്‌സ്', ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ 'ഡെമണ്‍ സ്ലേയര്‍- കിമെറ്റ്‌സു നോ യൈബ ഇന്‍ഫിനിറ്റി കാസില്‍' എന്നിവ 2025 സെപ്റ്റംബറില്‍ മികച്ച കളക്ഷന്‍ നേടി.