ലോകം മുഴുവന്‍ ആരാധിക്കുന്ന താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന മകള്‍ മാള്‍ട്ടി മേരിയുടെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാറുണ്ട്. എന്നാല്‍ ഇന്നു നമ്മള്‍ കാണുന്ന ഈ ചിരിക്കു പിന്നില്‍ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ടെന്ന് പ്രിയങ്കയും നിക്കും പറയുന്നു. മരണത്തിന്റെ നിഴലില്‍നിന്നു തങ്ങളുടെ കുഞ്ഞിനെ തിരികെ പിടിച്ച കഠിനമായ ആ ദിവസങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിക്ക് ജോനാസ്.
2022 ഏപ്രിലില്‍ ജനിക്കുമെന്ന് കരുതിയിരുന്ന മാള്‍ട്ടി, മൂന്നു മാസം മുമ്പേ ജനുവരിയില്‍ ലോകത്തേക്കെത്തി. വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച മാള്‍ട്ടിയെ ആദ്യമായി കണ്ട നിമിഷം നിക്കിന്റെ ഓര്‍മയില്‍ ഇന്നും വിറയലോടെ നില്‍ക്കുന്നു. ജനിക്കുമ്പോള്‍ ഭാരം തീരെ കുറവായിരുന്നു. ശരീരം ഏതാണ്ട് നീല നിറത്തിലായിരുന്നുവെന്നും നിക്ക് പറഞ്ഞു.
കോവിഡ് മഹാമാരി ലോകത്തെ ഭയപ്പെടുത്തിയിരുന്ന സമയമായിരുന്നു അത്. നിയന്ത്രണങ്ങള്‍ കടുപ്പമേറിയ കാലം. എന്‍ഐസിയുവിലെ നഴ്‌സുമാരെ മാലാഖമാര്‍ എന്നാണ് നിക്ക് വിശേഷിപ്പിച്ചത്. ശ്വാസം നിലച്ചുപോയേക്കാവുന്ന അവസ്ഥയില്‍നിന്ന് അവര്‍ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മൂന്നര മാസം പ്രിയങ്കയും നിക്കും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നു.
അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയില്‍ ആ കുഞ്ഞുശരീരത്തില്‍ ആറു തവണയാണ് രക്തം മാറ്റിവച്ചത്. ആശുപത്രിയിലെ ഗന്ധം ഇപ്പോഴും എന്റെ മൂക്കിലുണ്ടെന്ന് നിക്ക് പറയുന്നു. ഓരോ ദിവസവും തൂക്കം വര്‍ധിക്കുന്നതും ആരോഗ്യനില മെച്ചപ്പെടുന്നതും നോക്കി ദമ്പതിമാര്‍ പ്രാര്‍ഥനയോടെ കാത്തിരുന്നു. ഒടുവില്‍ മൂന്നര മാസത്തെ നീണ്ട ആശുപത്രി വാസത്തിനു ശേഷം മാള്‍ട്ടി തങ്ങളുടെ കൈകളിലേക്കെത്തിയപ്പോള്‍ അതൊരു പുനര്‍ജന്മമായിരുന്നുവെന്ന് പ്രിയങ്കയും നിക്കും പറയുന്നു.
2018-ല്‍ ജോധ്പുരില്‍ നടന്ന രാജകീയ വിവാഹത്തിനു ശേഷം പ്രിയങ്കയുടെയും നിക്കിന്റെയും ജീവിതത്തിലേക്ക് മാള്‍ട്ടി എത്തിയത് വലിയ ആഘോഷമായിരുന്നു. ഇന്നു നാലു വയസുകാരിയായ മാള്‍ട്ടി ആരോഗ്യവതിയാണ്. ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം അതിജീവിച്ച ആ കുഞ്ഞു പോരാളി ഇപ്പോള്‍ അച്ഛന്റെയും അമ്മയുടെയും ലോകമാണ്.