നാനാപടേക്കറും മനീഷ കൊയ്രാളയും 'അ​ഗ്നിസാക്ഷി'യിൽ ഫോട്ടോകടപ്പാട്-ഐഎംഡിബി
Bollywood

'അ​ഗ്നിസാക്ഷി'യായി നാനാപടേക്കറും മനീഷ കൊയ്രാളയും...സംവിധായകൻ പറയുന്നു

പപ്പപ്പ ഡസ്‌ക്‌

ബോളിവുഡ് താരങ്ങളായ നാനാ പടേക്കറും മനീഷ കൊയ്രാളയും തമ്മില്‍ ഉണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മനസുതുറന്ന് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ബീര്‍ പുഷ്പ്. 1996-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ 'അഗ്‌നിസാക്ഷി'യുടെ ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ വളര്‍ന്നുവന്ന ബന്ധത്തെക്കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഒരു അഭിമുഖത്തിനിടെയായിരുന്നു രണ്‍ബീര്‍ പുഷ്പിന്റെ പ്രതികരണം. ചിത്രീകരണ സമയത്ത് നാനാ പടേക്കറും മനീഷയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പരസ്പരം നല്ലൊരു ധാരണ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഇതിനെ പ്രണയമെന്ന് വിളിക്കണമോ അതോ ഗാഢമായ സൗഹൃദമെന്ന് പറയണമോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ, എങ്കിലും രണ്ടുപേരും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു'- രണ്‍ബീര്‍ ഓര്‍ത്തെടുത്തു.

നാനാപടേക്കറും മനീഷ കൊയ്രാളയും 'അ​ഗ്നിസാക്ഷി'യിൽ

രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മുന്‍പ് ഇരുവരും കൃത്യമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും, ആ ഒരു കെമിസ്ട്രിയാണ് സ്‌ക്രീനിലെ മികച്ച പ്രകടനത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷൂട്ടിങ് സെറ്റില്‍ വെച്ച് താന്‍ ഇതിനെ ഒരു പ്രണയമായി നിരീക്ഷിച്ചിരുന്നില്ലെന്നും, കേവലം സൗഹൃദത്തിനും പരസ്പര ധാരണയ്ക്കും അപ്പുറമുള്ള ഒന്നായി അത് തോന്നിയിരുന്നില്ലെന്നും രണ്‍ബീര്‍ പുഷ്പ് വ്യക്തമാക്കി. എന്നാല്‍ പിന്നീട് പത്രമാധ്യമങ്ങളിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.