മുതിർന്ന ബോളിവുഡ് താരം നാനാ പടേക്കര് (75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്ന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലര്ച്ചെ 5.20-ഓടെ ഗോവയിലെ ഡോണ പോളയിലുള്ള വസതിയിലാണ് അദ്ദേഹത്തെ ബോധരഹിതനായ നിലയില് കണ്ടെത്തിയത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തുടര്ച്ചയായി 45 മിനിറ്റോളം സിപിആര് നല്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന് കഴിഞ്ഞില്ലെന്ന് മണിപ്പാല് ആശുപത്രിയിലെ ഡോക്ടര്മാര് അറിയിച്ചു. സംഭവത്തില് മെഡിക്കല്-ലീഗല് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് വിധേയമാക്കുമെന്നും വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്തു.
സിനിമ, നാടകം, ടെലിവിഷന് മേഖലകളില് പതിറ്റാണ്ടുകള് നീണ്ട അതുല്യമായ അഭിനയജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. ശക്തമായ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ ഡയലോഗ് ഡെലിവറിയിലൂടെയും ഇന്ത്യന് സിനിമയില് സ്വന്തമായൊരു സ്ഥാനം ഉറപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചു.
1951 ജനുവരി 1-ന് മഹാരാഷ്ട്രയില് ജനിച്ച നാന പടേക്കര്, 1970-കളുടെ അവസാനത്തോടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 1978-ല് പുറത്തിറങ്ങിയ 'ഗമന്' ആയിരുന്നു കന്നി ചിത്രം. 'സലാം ബോംബെ', 'പരിന്ദ', 'പ്രഹാര്', 'ക്രാന്തിവീര്', 'അഗ്നിസാക്ഷി', 'അബ് തക് ഛപ്പന്', 'അപഹരണ്', തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന സിനിമകളില് ചിലതാണ്. വിശാല് ഭരദ്വാജിന്റെ 'ഓ റോമിയോ' എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി തിയേറ്ററുകളില് അവസാനമായി എത്തിയത്. വെൽക്കം' (2007), വെൽക്കം ബാക്ക്' (2015) എന്നീ ചിത്രങ്ങളിലെ നാനാ പടേക്കറുടെ 'ഉദയ് ഷെട്ടി' എന്ന കോമഡി ഗ്യാങ്സ്റ്റർ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വൻ ജനപ്രീതി നേടി. 'ഹൗസ്ഫുൾ 5' അദ്ദേഹം വേഷമിട്ട പ്രധാന ചിത്രങ്ങളിലൊന്നാണ്.
'ക്രാന്തിവീർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. മൂന്ന് ദേശീയ അവാർഡുകളും രണ്ടു സ്റ്റേറ്റ് അവാർഡുകളും നാല് തവണ ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. കഷ്ടപ്പാടനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ 'നാം ഫൗണ്ടേഷൻ' രൂപവത്കരിച്ച് സിനിമയ്ക്ക് പുറത്തും അദ്ദേഹം തന്റെ പ്രവർത്തനമേഖല വ്യാപിപ്പിച്ചു.