1994-ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസ് കീഴടക്കിയ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, രവീണ ഠണ്ടന്‍, നസറുദീന്‍ ഷാ ചിത്രം 'മൊഹ്‌റ' 4കെ റീമാസ്റ്റേര്‍ഡ് പതിപ്പായി വീണ്ടും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് കാലത്ത് ജനിക്കാത്ത, പുതുതലമുറയിലെ പ്രേക്ഷകന്റെ കണ്ണിലൂടെ സിനിമയെ സമീപിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങള്‍ കൗതുകകരമാണ്. കുട്ടിക്കാലത്തെ ഓര്‍മകളുടെ ഭാരമില്ലാതെ ചിത്രം ആസ്വദിക്കുമ്പോള്‍, ഇതൊരു മികച്ച മാസ് എന്റര്‍ടൈയ്‌നര്‍ ആണ്.
രാജീവ് റായ് സംവിധാനം ചെയ്ത 'മൊഹ്‌റ'യുടെ കഥാതന്തു ഇന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നാണ്. അക്ഷയ് കുമാറിന്റെ ആക്ഷന്‍ രംഗങ്ങളും, സുനില്‍ ഷെട്ടിയുടെ ഗൗരവമേറിയ പ്രകടനവും, നസറുദിന്‍ ഷായുടെ വില്ലന്‍ വേഷവും ചിത്രത്തെ ഇന്നും ആകര്‍ഷകമാക്കുന്നു. പരമ്പരാഗതമായ കൊമേഴ്‌സ്യല്‍ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. സംവിധായകന്റെ മാസ് മേക്കിങ് ശൈലിയും നസറുദീന്‍ ഷായുടെ പ്രകടനവും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റുകളാണ്.
എന്നാല്‍ ഇന്നത്തെ കാഴ്ചപ്പാടില്‍ ചിത്രത്തെ വിലയിരുത്തുമ്പോള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ചിത്രത്തിലെ നായികയായ രവീണ ഠണ്ടന്റെ കഥാപാത്രം മാധ്യമപ്രവര്‍ത്തകയായിട്ടാണ് തുടക്കത്തില്‍ വരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ രംഗത്ത് നിന്ന് ക്രമേണ നായകന്റെ പ്രണയിനിയായും, ചിത്രത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന ഇരയായും കഥാപാത്രം ചുരുങ്ങിപ്പോകുന്നു. ഭൂരിഭാഗം രംഗങ്ങളിലും സ്ത്രീ കഥാപാത്രങ്ങളുടെ ദുരിതങ്ങളും അതിക്രമങ്ങളും പുരുഷ കഥാപാത്രങ്ങള്‍ക്കു പകരം വീട്ടാനുള്ള കാരണങ്ങളായി മാത്രമാണ് സ്‌ക്രിപ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
'തു ചീസ് ബടി ഹൈ മസ്ത് മസ്ത്', 'ടിപ് ടിപ് ബര്‍സ പാനി' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും വലിയ തരംഗം സൃഷ്ടിക്കുന്നവയാണ്. വിജു ഷായുടെ സംഗീതം ചിത്രത്തിന്റെ സാമ്പത്തികവിജയത്തില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍ ഗാനരംഗങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചിരിക്കുന്നത് ഇന്നത്തെ കാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അക്കാലത്തെ സിനിമകളില്‍ സ്ത്രീകള്‍ എങ്ങനെയാണ് കേവലം ഗ്ലാമര്‍ വസ്തുക്കളായി മാത്രം കാണിക്കപ്പെട്ടത് എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം ഗാനങ്ങള്‍. പാട്ടുകളുടെ സംഗീതവും നൃത്തവും മികച്ചതാണെങ്കിലും, അതിന്റെ അവതരണം ഇന്നത്തെ കാലഘട്ടത്തിലെ പൊളിറ്റിക്കൽ കറക്ട്നെസുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നവയാണ്.
എന്നാല്‍, 'മൊഹ്‌റ'യെ വെറും മോശം സിനിമയായി തള്ളിക്കളയാന്‍ കഴിയില്ല. 1990-കളിലെ ബോളിവുഡ് വാണിജ്യ സിനിമയുടെ രീതികളും ശൈലിയും അടുത്തറിയാന്‍ സഹായിക്കുന്ന ഒരു 'കള്‍ച്ചറല്‍ ടൈം കാപ്‌സ്യൂള്‍' ആണ് ചിത്രം. ഇതിന്റെ പാട്ടുകളും താരപ്രഭയും ത്രില്ലിങ് സ്വഭാവവും ഇന്നും ആസ്വദിക്കാനാകും. അതേസമയം, അന്നത്തെ കാലത്തെ സിനിമകളില്‍ ഉണ്ടായിരുന്ന സ്ത്രീവിരുദ്ധതയും നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള ലളിതമായ സങ്കല്‍പ്പങ്ങളും ഇന്നത്തെ തലമുറ വിമര്‍ശനാത്മകമായാണു കാണുന്നത്.