ആമസോൺ പ്രൈം വീഡിയോയിലെ പ്രശസ്ത വെബ് സീരീസിന്റെ സിനിമാവിഷ്കാരമായ 'മിർസാപുർ: ദ് മൂവി'ക്ക് സെൻസർ ബോർഡിന്റെ 'എ' സർട്ടിഫിക്കറ്റ്. സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുന്നോടിയായി രംഗങ്ങളിലും സംഭാഷണങ്ങളിലും സെൻസർ ബോർഡ് ചില മാറ്റങ്ങളും നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളിൽനിന്ന് 35 സെക്കന്റ് വെട്ടിമാറ്റി.
നാലിടങ്ങളിൽ മ്യൂട്ട് ചെയ്യുകയും ആറ് സ്ഥലങ്ങളിൽ അസഭ്യവാക്കുകൾക്ക് പകരം മറ്റ് വാക്കുകൾ മാറ്റിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ചില സംഭാഷണങ്ങളിലും ജാതിപരാമർശമുള്ള വാക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും സിനിമയിലെ അക്രമ രംഗങ്ങളിലൊന്നും ബോർഡ് വെട്ടിച്ചുരുക്കലുകൾ വരുത്തിയിട്ടില്ല.
സെൻസർ ബോർഡിന്റെ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് സർട്ടിഫിക്കേഷൻ നൽകിയത്. മാറ്റങ്ങൾ വരുത്തിയ ശേഷം മൂന്നു മണിക്കൂറും 17 മിനിറ്റും 19 സെക്കന്റുമാണ് ചിത്രത്തിന്റെ ആകെ ദൈർഘ്യം. അതേസമയം, ഈ മാറ്റങ്ങൾ സിനിമയുടെ കാതലായ ആസ്വാദനത്തെയോ കഥാഗതിയെയോ ബാധിക്കില്ലെന്ന് അണിയറപ്രവർത്തകരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
ഗുർമീത് സിങ് സംവിധാനം ചെയ്ത് ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ചേർന്ന് നിർമിക്കുന്ന 'മിർസാപുർ: ദ് മൂവി' സെപ്റ്റംബർ നാലിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പങ്കജ് ത്രിപാഠി, അലി ഫസൽ, ദിവ്യേന്ദു, ജിതേന്ദ്ര കുമാർ, ശ്വേത ത്രിപാഠി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.