മനീഷ കൊയ്രാള ഫോട്ടോകടപ്പാട്-ഐഎംഡിബി
Bollywood

'കൗഗേള്‍സ് ആന്‍ഡ് ഇന്‍ഡ്യന്‍സി'ലൂടെ മനീഷ കൊയ്രാള ഹോളിവുഡിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബി ടൗണിന്റെ പ്രിയതാരം മനീഷ കൊയ്രാള ഹോളിവുഡ് സിനിമയായ 'കൗഗേള്‍സ് ആന്‍ഡ് ഇന്‍ഡ്യന്‍സ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജയ് ലീലാ ഭന്‍സാലിയുടെ ഹിറ്റ് നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ഹീരാമണ്ഡി'ക്ക് ശേഷമാണ് മനീഷ അന്താരാഷ്ട്ര പ്രോജക്ടിലേക്ക് ചുവടുവെക്കുന്നത്.

തേജല്‍ ദേശായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ടെക്‌സസിലെ ഓസ്റ്റിനില്‍ ആരംഭിക്കും. തേജല്‍ ദേശായിയുടെ അവാര്‍ഡ് നേടിയ 'കൗബോയ്‌സ് ആന്‍ഡ് ഹിന്ദുസ്' എന്ന ഹ്രസ്വചിത്രത്തിന്റെ സിനിമാവിഷ്‌കാരമാണ് ചിത്രം. അമേരിക്കന്‍ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ജീവിക്കുന്ന ആശ എന്ന മധ്യവയസ്‌കയായ ഇന്ത്യന്‍ സ്ത്രീയുടെ അതിജീവനമാണ് സിനിമയുടെ പ്രമേയം.

മനീഷ കൊയ്രാള

ചിത്രത്തില്‍ അഭിനയിക്കുന്നതിലുള്ള സന്തോഷം മനീഷ കൊയ്രാള പങ്കുവെച്ചു. സ്ത്രീകള്‍ക്കായി മികച്ച കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന അഭിപ്രായം തനിക്കുണ്ടായിരുന്നെന്നും, എന്നാല്‍ 'കൗഗേള്‍സ് ആന്‍ഡ് ഇന്‍ഡ്യന്‍സിന്റെ' കഥയും സംവിധായകന്റെ കാഴ്ചപ്പാടും കേട്ടപ്പോള്‍ അതിരുകള്‍ കടന്നു ചിന്തിക്കാന്‍ ശേഷിയുള്ള പ്രോജക്ടാണെന്ന് മനസിലായെന്നും അവര്‍ പറഞ്ഞു.

മനീഷ കൊയ്രാളയും ഷാരൂഖ് ഖാനും 'ദിൽസേ'യിൽ

മനീഷയുടെ അഭിനയത്തിലെ സ്വാഭാവികതയും വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവരുടെ ശേഷിയുമാണ് ചിത്രത്തിലേക്കു തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സംവിധായകന്‍ തേജല്‍ ദേശായി വ്യക്തമാക്കി. സിനിമാരംഗത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മനീഷ കൊയ്രാള ഹോളിവുഡ് പ്രോജക്ടിന്റെ ഭാഗമാകുന്നത്. അർബുദത്തെ അതിജീവിച്ച താരത്തിന്റെ ശക്തമായ തിരിച്ചുവരവുകൂടിയാകും ഇത്.