മാധുരി ദീക്ഷിത് അറേഞ്ച്ഡ്
Bollywood

'മുംബൈ സ്ഫോടനക്കേസിൽ അറസ്റ്റിലാകുമെന്ന് മാധുരി ദീക്ഷിത് ഭയന്നു'

പപ്പപ്പ ഡസ്‌ക്‌

മുംബൈ സ്‌ഫോടനക്കേസില്‍ അന്വേഷണം നേരിടേണ്ടിവരുമോയെന്ന് ബോളിവുഡ് നടി മാധുരി ദീക്ഷിത് ഭയന്നിരുന്നതായി വെളിപ്പെടുത്തൽ. കാമുകനായ സഞ്ജയ് ദത്ത് സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതോടെയായിരുന്നു ഇത്. പിന്നീട് സഞ്ജയ് ദത്തില്‍നിന്ന് അകന്ന മാധുരി അദ്ദേഹത്തിന്റെ കൂടെനിന്ന് ഫോട്ടോ എടുക്കാന്‍പോലും തയ്യാറായിട്ടില്ലെന്നും അടുത്തിടെ, സിനിമാ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹനീഫ് സവേരി, ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. വെള്ളിത്തിരയിലെ നന്മനിറഞ്ഞ നായകന്‍ യഥാര്‍ഥജീവിതത്തില്‍ വില്ലനായി എന്ന് പലരും കുറ്റപ്പെടുത്തി. സഞ്ജയ് ദത്തിനെ അറസ്റ്റിലായതോടെ മാധുരി പ്രണയബന്ധത്തില്‍നിന്നു പിന്മാറുകയായിരുന്നു. സംഭവം അവര്‍ക്കിടയില്‍ വലിയ അകലം സൃഷ്ടിച്ചു. ആ കാലയളവില്‍ മാധുരി നിശബ്ദമായി നടനില്‍നിന്ന് അകന്നു നില്‍ക്കാന്‍ തീരുമാനിച്ചതായും ഹനീഫ് സവേരി പറയുന്നു.

സഞ്ജയ് ദത്തും മാധുരി ദീക്ഷിതും 'മഹാന്ത' എന്ന ചിത്രത്തിൽ

'സഞ്ജയ് ദത്ത് ജയിലിലായിരുന്നപ്പോള്‍, സിനിമാലോകം അദ്ദേഹത്തിന്റെ അറസ്റ്റിനെതിരേ പ്രതിഷേധിച്ചു. പക്ഷേ, മാധുരി പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു...' സവേരി പറഞ്ഞു. 'സഞ്ജയ് ജാമ്യത്തിലിറങ്ങിയപ്പോള്‍, 'മഹാന്ത'യുടെ സംവിധായകന്‍ അഫ്‌സല്‍ ഖാന്‍ പാര്‍ട്ടി സംഘടിപ്പിച്ചു. പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്ന് മാധുരി അവര്‍ക്ക് വാക്കുനല്‍കി. യാദൃച്ഛികമായി ഞാനും അവിടെ ഉണ്ടായിരുന്നു. സെക്രട്ടറിയോടും മറ്റ് ചിലരോടും ഒപ്പമാണ് അവര്‍ വന്നത്. ആ സമയം, വേദിയില്‍ സഞ്ജയ് ദത്ത് ഉണ്ടായിരുന്നു. അക്കാരണത്താല്‍ മാധുരി വേദിയിലേക്കു കയറിയില്ല. പകരം മാധുരി എന്റെ അടുത്താണ് ഇരുന്നത്...'-മാധുരി-സഞ്ജയ് ബന്ധത്തിലുണ്ടായ വിള്ളലുകള്‍ സവേരി തുറന്നുപറഞ്ഞു.

'മാധുരി ഉത്കണ്ഠയിലായത് ഞാന്‍ ശ്രദ്ധിച്ചു. അവര്‍ ഉടന്‍ വേദിയിലേക്ക് എത്തുമെന്ന് കരുതി. പക്ഷേ വേദിയില്‍ അഭിനേതാക്കളോടൊപ്പം ചേരുന്നതിന് പകരം മാധുരിയും സംഘവും പുറത്തേക്കുപോയി. അറസ്റ്റിനുശേഷം മാധുരിയും സഞ്ജയും ഒരുമിച്ചുനില്‍ക്കുന്ന ആദ്യ ഫോട്ടോ പകര്‍ത്താന്‍ എല്ലാ ഫോട്ടോഗ്രാഫര്‍മാരും കാത്തിരിക്കുകയായിരുന്നു. അവര്‍ എന്തിനാണ് പോയതെന്ന് എനിക്കറിയാമായിരുന്നു. സഞ്ജയ്ക്കൊപ്പം ഫോട്ടോ എടുക്കാന്‍ മാധുരി ആഗ്രഹിച്ചില്ല...'സവേരി പറഞ്ഞു.

സഞ്ജയ് ദത്തും മാധുരി ദീക്ഷിതും

സഞ്ജയ്-മധുരി, ചലച്ചിത്രലോകം ആഘോഷിച്ച പ്രണയജോഡികളായിരുന്നു. 1990കളുടെ തുടക്കത്തില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധം. വെള്ളിത്തിരയില്‍ മാത്രമല്ല, അവരുടെ പ്രണയവും സ്വകാര്യജീവിതവും ബോളിവുഡിലും ആരാധകര്‍ക്കിടയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. സഞ്ജയ് ദത്തിന്റെ പല കാമുകിമാരില്‍ ഒരാളായിരുന്നില്ല മാധുരിയെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു.

മാധുരി ദീക്ഷിത്.2022-ലെ ചിത്രം

മാധുരിയുടെ അമ്മയ്ക്കും ഇരുവരും വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ സഞ്ജയ് നിയമക്കുരുക്കില്‍ അകപ്പെട്ടപ്പോള്‍, മാധുരിയും കുടുംബാംഗങ്ങളും ആ ബന്ധത്തില്‍നിന്നു പൂര്‍ണമായും പിന്മാറുകയായിരുന്നു. പിന്നീട്,1999ല്‍ മാധുരി വിവാഹിതയായി. സഞ്ജയ് ദത്താകട്ടെ മൂന്നു തവണ വിവാഹിതനായി. 1987ല്‍ നടി റിച്ച ശര്‍മയുമായാണ് ആദ്യ വിവാഹം. 1996ല്‍ ബ്രെയിന്‍ ക്യാന്‍സര്‍ മൂലം അവര്‍ മരിച്ചു. 1998ല്‍ റിയ പിള്ളയെ വിവാഹം കഴിച്ചു. 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതേവര്‍ഷം തന്നെ സഞ്ജയ് മാന്യത ദത്തിനെ വിവാഹം കഴിച്ചു.