വരാനിരിക്കുന്ന ചിത്രങ്ങളുടെ പേരിൽ മാത്രമല്ല, തെന്നിന്ത്യൻ താരങ്ങൾക്കൊപ്പമുള്ള സിനിമകളുടെ പേരിലും വാർത്തകളിൽ ഇടം നേടുകയാണ് കരീന കപുർ. ബോളിവുഡിൽ നിന്ന് തെക്കേയിന്ത്യയിലേക്ക് ചുവടുമാറ്റത്തിൽ വലിയ പ്രോജക്ടുകളിലാണ് താരറാണിയുടെ പേര് ഇടംപിടിക്കുന്നത്.
മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനൊപ്പം ‘ദായ്റ’ എന്ന ക്രൈം ഡ്രാമയാണ് കരീനയുടേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രം. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ്-കരീന കൂട്ടുകെട്ട് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
അതിനൊപ്പം തെന്നിന്ത്യൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് കരീന. സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന പുരാണ പശ്ചാത്തലത്തിലുള്ള വമ്പൻ ജംഗിൾ അഡ്വഞ്ചർ ചിത്രത്തിൽ ധനുഷിന്റെ നായികയായി കരീന കപുർ അഭിനയിച്ചേക്കുമെന്ന വാർത്ത ബോളിവുഡിനെയും കോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
പ്രോജക്ട് യാഥാർഥ്യമായാൽ കരീനയും ധനുഷും ആദ്യമായി ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. ഇരുവരുടെയും ആരാധകർക്കിടയിൽ അത് വലിയ ആവേശം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഇതുവരെ ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പമാണ് കരീന കൂടുതലായും സ്‌ക്രീൻ പങ്കിട്ടിട്ടുള്ളത്.
എന്നാൽ, ഭാഷാഭേദങ്ങൾക്കപ്പുറത്തേക്ക് കടന്ന് ഉള്ളടക്കത്തിന് പ്രാധാന്യം നൽകുന്ന സിനിമകൾ തിരഞ്ഞെടുക്കാനുള്ള താല്പര്യമാണ് കരീനയുടെ സമീപകാല സിനിമകളിൽ തെളിയുന്നത്. തെന്നിന്ത്യൻ താരങ്ങൾക്കൊപ്പമുള്ള പാൻ-ഇന്ത്യൻ സിനിമകൾ സ്വീകരിക്കാനുള്ള കരീനയുടെ സമീപനത്തെ പലരും പ്രശംസിക്കുന്നുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രഭാസിന്റെ ‘സ്പിരിറ്റ്’, യഷിന്റെ ‘ടോക്സിക്’ എന്നീ ചിത്രങ്ങളിലും കരീന കപൂർ നിർണായക വേഷങ്ങളിൽ എത്തുമെന്ന തരത്തിൽ വർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറും അഭ്യൂഹങ്ങൾ മാത്രമായി അവസാനിച്ചു.
പാൻ-ഇന്ത്യൻ സിനിമകളിലേക്ക് സജീവമായി ചുവടുവയ്ക്കുന്ന കരീനയുടെ പുതിയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. പാൻ-ഇന്ത്യൻ ട്രെൻഡിലേക്ക് കരീന അല്പം വൈകിയാണ് എത്തിയതെന്നും ചിലർ അഭിപ്രായപ്പെടുന്നു.