'ധടക്- 2' പുതിയ പോസ്റ്റര്‍ അറേഞ്ച്ഡ്
Bollywood

പ്രണയാർ​ദ്രനിമിഷങ്ങളിലേക്ക് വീണ്ടും..‌ ധടക്-2 പുതിയപോസ്റ്റർ പങ്കുവെച്ച് കരൺജോഹർ

പപ്പപ്പ ഡസ്‌ക്‌

സിദ്ധാന്ത് ചതുര്‍വേദിയും തൃപ്തി ദിമ്രിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ധടക് 2-ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് നിര്‍മാതാവ് കരണ്‍ ജോഹര്‍. സംവിധായകന്‍ ഷാസി ഇക്ബാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ചിത്രത്തിന്റെ പോസ്റ്ററും വിശേഷങ്ങളും പങ്കുവച്ചു. പ്രണയനിമിഷങ്ങള്‍ ഒപ്പിയെടുത്തതാണ് പോസ്റ്റർ. ജൂലായ് 11ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും ജോഹര്‍ വെളിപ്പെടുത്തി.

ഓഗസ്റ്റ് ഒന്നിന് ധടക്- 2 തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 2018ല്‍ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണിത്. വലിയ പ്രതീക്ഷയോടെയാണ് തുടര്‍ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ജാന്‍വി കപുറും ഇഷാന്‍ ഖട്ടറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ധടക് എന്ന ചിത്രവും കൈകാര്യം ചെയ്തത് പ്രണയമായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരുടെ വിവാഹമായിരുന്നു ആദ്യഭാഗത്തിന്റെ ഇതിവൃത്തം.

ധടക് 2 - ന്റെ സംഗീതത്തെക്കുറിച്ച് സിദ്ധാന്ത് ചില വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ശൈലേന്ദ്രയുടെ കവിതയും ഭഗത് സിങ്ങിന്റെ ഈരടിയും കിഷോര്‍ കുമാറിന്റെ ശബ്ദവും ഷാരൂഖിന്റെ ചെറിയൊരു ഭാഗവും ബുഡാപെസ്റ്റില്‍ നടന്ന ഓര്‍ക്കസ്‌ട്രേഷനും- ഇതായിരുന്നുസിദ്ധാന്ത് സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഉള്ളടക്കം.

പ്രണയത്തിന്റെ വൈകാരികതലങ്ങളിലേക്ക് ഈ റൊമാന്റിക് ഡ്രാമ ആഴത്തില്‍ കടന്നുചെല്ലുന്നു. ധര്‍മ പ്രൊഡക്ഷന്‍സ്, സീ സ്റ്റുഡിയോസ്, ക്ലൗഡ് 9 പിക്ചേഴ്സ് എന്നീ ബാനറുകളില്‍ കരണ്‍ ജോഹര്‍, ഹിറു ജോഹര്‍, അപുര്‍വ മേത്ത, സോമെന്‍ മിശ്ര, ഉമേഷ് ബന്‍സാല്‍, മീനു അറോറ, അഡാര്‍ പൂനവല്ല എന്നിവര്‍ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നു.

സിദ്ധാന്ത്, തൃപ്തി ജോഡികള്‍ക്കൊപ്പം വിപിന്‍ ശര്‍മ, മഞ്ജിരി പുപാല, ദീക്ഷ ജോഷി, പ്രിയങ്ക് തിവാരി, അമിത് ജാട്ട്, മായങ്ക് ഖന്ന, അശ്വന്ത് ലോധി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.