ബോളിവുഡ് സൂപ്പര്‍ഹിറ്റ് ഫാമിലി ഡ്രാമ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്, ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് കരണ്‍ ജോഹര്‍ ആയിരിക്കുമെന്നാണ്. കരണ്‍ ജോഹര്‍ തന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ കഭി ഖുഷി കഭി ഗം-2 ആയിരിക്കും സംവിധായകന്റെ അടുത്തചിത്രമെന്നാണ് മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരണ്‍ ജോഹറിന്റെ അവസാന സംവിധാന ചിത്രമായ റോക്കി ഔര്‍ റാണി കി പ്രേം കഹാനി ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു. റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' എന്ന റൊമാന്റിക് ഫാമിലി കോമഡിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കരണിന്റെ അടുത്ത ചിത്രം ഫാമിലി ഡ്രാമയായിരിക്കുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2026 അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രണയവും വൈകാരികവുമായ ഒരു ഹൈ-ഒക്ടേന്‍ ഡ്രാമയായിരിക്കും ഈ സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ഷാരൂഖ് ഖാന്‍, കാജോള്‍, ഹൃതിക് റോഷന്‍, കരീന കപൂര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായ 2001-ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് കരണ്‍ ജോഹറിന്റെ സംവിധാനത്തിലൊരുങ്ങുന്നത്.