'വാര്‍ 2'-ൽ ഹൃതിക് റോഷൻ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

'എന്നിട്ടും നിങ്ങളെന്നെ ചേർത്തുപിടിക്കുന്നതിന് നന്ദി'- 'യുദ്ധപരാജയ'ത്തിൽ ഹൃതിക്

പപ്പപ്പ ഡസ്‌ക്‌

ഹൃതിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച 'വാര്‍ 2', 2025ല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണെങ്കിലും, മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ നിര്‍മാതാക്കള്‍ക്കായില്ല. ബോക്‌സ്ഓഫീസില്‍ ചിത്രം വീണെങ്കിലും ചിത്രത്തിന്റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി. കഴിഞ്ഞ ദിവസം ദുബായിയില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഹൃതിക് റോഷന്‍ പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു.

ദുബായിയില്‍ നടന്ന പരിപാടിയില്‍ അവതാരകന്‍ സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഹൃതിക് സ്‌നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്റെ സിനിമ, വാര്‍ 2- ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്‌നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഹൃതിക് പറഞ്ഞത്. ഓഗസ്റ്റിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനുശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു.

'വാര്‍ 2' പോസ്റ്റർ

താരത്തിന്റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. 'വാര്‍ 2-ന്റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്ന് ഞങ്ങള്‍ക്കറിയാം... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ലാണ്' തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.

ഹൃതിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര്‍ 2. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത 'വാര്‍ 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്റെ നിര്‍മാണം.