ഇന്ത്യന്‍ വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഗുരുദത്ത് എന്ന വസന്ത് കുമാര്‍ ശിവശങ്കര്‍ പദുകോണിന്റെ നൂറാം ജന്മവാര്‍ഷികദിനമാണ് ജൂലായ് ഒമ്പത്. 1946 മുതല്‍ 1964 വരെയുള്ള ഗുരുദത്തിന്റെ ചലച്ചിത്രജീവിതം, നിത്യഹരിതങ്ങളായ എട്ട് ഹിന്ദി സിനിമകള്‍ സമ്മാനിച്ചു. ചലച്ചിത്രകാവ്യങ്ങളെന്നാണ് അദ്ദേഹത്തിന്റെ സിനിമകളെ നിരൂപകര്‍ പ്രശംസിക്കുന്നത്. സംവിധായകന്‍ മാത്രമായിരുന്നില്ല ഗുരുദത്ത്. നടന്‍, നിര്‍മാതാവ്, നൃത്തസംവിധായകന്‍ എന്നീ മേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു. കലയും വ്യവസായവും ഒത്തുചേര്‍ന്ന അദ്ദേഹത്തിന്റെ സിനിമകള്‍ പുതുതലമുറയ്ക്കുള്ള നിഘണ്ടുവാണ്. ഇന്ത്യന്‍ സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്.
1925 ജൂലായ് ഒമ്പതിന് ബംഗളൂരുവിലെ കൊങ്കണി ചിത്രപുര്‍ സരസ്വത് ബ്രാഹ്‌മണ കുടുംബത്തിലാണ് ഗുരുദത്തിന്റെ ജനനം. 1942 മുതല്‍ കുറച്ചുകാലം അദ്ദേഹം അല്‍മോറയില്‍ ഉദയ്ശങ്കറിന്റെ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനം നടത്തി. എന്നാല്‍, വൈകാതെ ഗുരുദത്തിന് നൃത്തപഠനം ഉപേക്ഷിക്കേണ്ടിവന്നു. കുറച്ചുകാലം കൊല്‍ക്കത്തയിലെ ബ്രിട്ടീഷ് കമ്പനിയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് മുംബൈയില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അടുത്തേക്കു മാറി.
ദേവാനന്ദുമായി സൗഹൃദം
മുംബൈയിലേത്തിയശേഷമുള്ള ഗുരുദത്തിന്റെ ജീവിതം ചരിത്രമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന് പ്രഭാത് ഫിലിം കമ്പനിയിലായിരുന്നു ജോലി. അവിടെവച്ചാണ് ഗുരുദത്ത്, പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളായി മാറിയ രണ്ടുപേരെ പരിചയപ്പെടുന്നത്. ഇന്ത്യന്‍ വെള്ളിത്തിരയിലെ താരരാവാജായി മാറിയ ദേവാനന്ദും നടന്‍ സയിദ് റഹ്‌മാൻ ഖാനുമായിരുന്നും ആ രണ്ടുപേര്‍. ദേവാനന്ദ് ആണ് ഗുരുദത്തിന്റെ സിനിമാപ്രവേശത്തിനു വഴിയൊരുക്കിയത്. ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ചിത്രങ്ങളായിരുന്നു ഗുരുദത്തിന്റേത്. 1957ല്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പ്യാസ' ടൈം മാഗസിന്റെ 100 മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രമാണ്. 'കാഗസ് കി ഫൂല്‍' (1959) ഹിന്ദിയില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. വ്യത്യസ്തമായ കഥ പറച്ചിലാണ് അദ്ദേഹത്തിന്റെ ശൈലി. ഇന്ത്യന്‍ വെള്ളിത്തിരയില്‍ ലൈറ്റിങ്ങും ക്ലോസപ്പ് ഷോട്ടുകളും അതിമനോഹരമായി ഉപയോഗിച്ചതും ആ അനശ്വരപ്രതിഭയാണ്.
ഗീതാ ദത്ത് ജീവിതസഖിയാകുന്നു
സഹസംവിധായകന്‍, നൃത്തസംവിധായകന്‍ എന്നീ നിലകളിലാണ് ഗുരുദത്ത് തന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ദേവാനന്ദ് നിര്‍മിച്ച 'ബാസി' (1951) ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. വലിയ ഹിറ്റ് ആയിരുന്നു ചിത്രം. തന്റെ ജീവിതസഖിയെ കണ്ടെത്തുന്നതും ഇക്കാലത്താണ്. ബാസിയിലെ പിന്നണി ഗായിക ഗീതാ ദത്തിനെ അദ്ദേഹം വിവാഹം കഴിച്ചു. ബാസിയില്‍ ഗീത ആലപിച്ച 'തദ്ബീര്‍ സെ ബിഗാജി ഹുയീ...' എന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു. നിരവധി അനശ്വരഗാനങ്ങള്‍ ആലപിച്ച ഗായികയാണ് ഗീത.
ഇന്ത്യന്‍ വെള്ളിത്തിരയിലെ ആദ്യ സിനിമാസ്‌കോപ്പ് ചിത്രം
ബാസിക്ക് ശേഷം 'ആര്‍പാര്‍' (1954) എന്ന ചിത്രത്തിലൂടെ അദ്ദേഹം നിര്‍മാണരംഗത്തേക്കും പ്രവേശിച്ചു. 1955ല്‍ പുറത്തിറങ്ങിയ അഞ്ചാമത്തെ ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55' വലിയ വിജയമായിരുന്നു. തുടര്‍ന്ന്, സിഐഡി, സൈലാബ് തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങി. പിന്നീട്, 'പ്യാസ', 'കാഗസ് കി ഫൂല്‍' തുടങ്ങിയ ചിത്രങ്ങള്‍ ഗുരുദത്തിന്റെ സംവിധാനത്തിലൂടെ പുറത്തിറങ്ങി. 'കാഗസ് കി ഫൂല്‍' (1959) ഗുരുദത്ത് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രമായിരുന്നു. പക്ഷേ പരാജയമായിരുന്നു ചിത്രം. സിനിമാ സ്‌കോപ്പില്‍ പുറത്തിറങ്ങിയ ആദ്യചിത്രമായിരുന്നു 'കാഗസ് കി ഫൂല്‍'. 17 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് ആ ചിത്രം നിര്‍മിച്ചത്. ആ ചിത്രത്തിന്റെ പരാജയം അദ്ദേഹത്തിനെ വലിയ കടക്കെണിയിലാഴ്ത്തി. 1960ല്‍ അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ 'ചൗധ്വിന്‍ കാ ചാന്ദ്' ഒരു സൂപ്പര്‍ ഹിറ്റായി മാറി. മുന്‍ചിത്രത്തിന്റെ ബാധ്യതകള്‍ ഗുരുദത്തിന് പരിഹരിക്കാനുമായി.
അവസാനചിത്രം
മികച്ച ടീം തന്നെ ഗുരുദത്തിനുണ്ടായിരുന്നു. വഹീദ റഹ്‌മാനെ ചലച്ചിത്രലോകത്ത് അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. ഋഷികേഷ് മുഖര്‍ജി സംവിധാനം ചെയ്ത 'സാഞ്ജ് ഔര്‍ സവേര' (1964) യിലാണ് ഗുരുദത്ത് അവസാനമായി അഭിനയിച്ചത്. 1964 ഒക്ടോബര്‍ 10ന് ആണ് അദ്ദേഹത്തിന്റെ വിയോഗം. മുംബൈയിലെ പെഡര്‍ റോഡിലുള്ള വാടകവീട്ടില്‍ അദ്ദേഹത്തിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുദത്ത് മരിച്ച എട്ടുവര്‍ഷത്തിനുശേഷം ഗീതാ ദത്തും മരിച്ചു.