'ദൃശ്യം 3' ഹിന്ദി പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Bollywood

അഡ്വാന്‍സ് ബുക്കിങ്ങിൽ റെക്കോഡ് തുടക്കവുമായി അജയ് ദേവ്ഗണിന്റെ 'ദൃശ്യം 3'

പപ്പപ്പ ഡസ്‌ക്‌

അജയ് ദേവ്ഗണ്‍ പ്രധാന വേഷത്തിലെത്തുന്ന ഫാമിലി ത്രില്ലര്‍ ചിത്രം 'ദൃശ്യം 3: ദ കണ്‍ക്ലൂഷന്‍' അഡ്വാന്‍സ് ബുക്കിങ്ങിൽ മികച്ച തുടക്കം കുറിച്ചു. റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരംഭിച്ച മുന്‍കൂട്ടി ടിക്കറ്റ് ബുക്കിങ്ങിൽ ചുരുങ്ങിയ സമയത്തിനുള്ളില്‍ തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചു.

പിവിആര്‍ ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ മുന്‍നിര തിയേറ്റര്‍ ശൃംഖലകളില്‍ ബുക്കിങ് ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ 5,000-ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. വരും ദിവസങ്ങളില്‍ ടിക്കറ്റ് വില്പനയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകള്‍.

'ദൃശ്യം 3' ഹിന്ദി ട്രെയിലറിൽ അജയ് ​ദേവ്​ഗൺ

അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രം ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ്. അജയ് ദേവ്ഗണിനു പുറമെ തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്‌ളാവത്, പ്രകാശ് രാജ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോവിഡിനു ശേഷമുള്ള കാലഘട്ടത്തില്‍ വന്‍ വിജയം നേടിയ 'ദൃശ്യം 2'-ന് ശേഷം എത്തുന്ന മൂന്നാം ഭാഗവും ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷന്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.