രൺവീര്‍ സിങ് കേന്ദ്രകഥാപാത്രമാകുന്ന സ്‌പൈ ഡ്രാമ 'ധുരന്ധര്‍: ദി റിവഞ്ച്' ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പിന് തുടക്കമിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ പെയ്ഡ് പ്രിവ്യൂ ഷോകള്‍ക്കായുള്ള അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ എട്ട് കോടി രൂപയിലേറെ ചിത്രം സ്വന്തമാക്കി. ഇന്ത്യയിലുടനീളമായി ഏകദേശം 1,75,000 ടിക്കറ്റുകളാണ് ആദ്യദിനം വിറ്റുപോയത്. ഡല്‍ഹി-എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളിലാണു ചിത്രത്തിന് ഏറ്റവും വലിയ വരവേല്‍പ് ലഭിക്കുന്നത്.
റിലീസിന് ഇനിയും പതിനൊന്നു ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഈ നേട്ടം എന്നുള്ളത് സിനിമാലോകത്തെ റെക്കോഡ് ആണ്. ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്റെ' റെക്കോഡിന് തൊട്ടുപിന്നിലായാണ് ഇപ്പോള്‍ ധുരന്ധറിന്റെ സ്ഥാനം. പ്ലാറ്റ്‌ഫോമുകളില്‍ പെയ്ഡ് പ്രിവ്യൂ ഷോകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബുക്കിങ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബോളിവുഡ് ചിത്രങ്ങളില്‍ പെയ്ഡ് പ്രിവ്യൂവിലൂടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ധുരന്ധര്‍ മാറി.
നിലവില്‍ ഒന്നാമതുള്ള 'സ്ത്രീ 2' (8.75 കോടി)നെ വരും മണിക്കൂറുകളില്‍ ധുരന്ധര്‍ മറികടക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ പ്രിവ്യൂ ഷോകള്‍ക്കായി രാജ്യത്തുടനീളം 6000-ല്‍ അധികം ഷോ ആണ് ഇതിനോടകം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് 10,000 ഷോ വരെയാകാമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ 25 മുതല്‍ 75 ശതമാനം വരെ ഉയര്‍ന്ന നിരക്കിലാണ് പ്രിവ്യൂ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ പ്രിവ്യൂ ഷോകളില്‍നിന്നു മാത്രം 30 മുതല്‍ 40 കോടി രൂപ വരെ ചിത്രം നേടുമെന്നാണ് വിലയിരുത്തല്‍.
പൂര്‍ണമായ ബുക്കിങ് വരും ദിവസങ്ങളില്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. ബോളിവുഡിലെ പഴയ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു വമ്പന്‍ ഹിറ്റിലേക്കാണ് രണവീര്‍ സിങ് ചിത്രം കുതിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.