രണ്‍വീര്‍ സിങ്-ആദിത്യ ധര്‍ ചിത്രം 'ധുരന്ധര്‍: ദി റിവഞ്ച്' ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോള്‍ ഈ ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ 1060 കോടി രൂപയിലേറെ ആഗോള കളക്ഷന്‍ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ പത്താന്‍, കല്‍ക്കി 2898 എഡി എന്നീ വമ്പന്‍ ചിത്രങ്ങളുടെ ലൈഫ് ടൈം കളക്ഷനെ ധുരന്ധര്‍ മറികടന്നു.
പുഷ്പ 2-ന് ശേഷം ഏറ്റവും വേഗത്തില്‍ 1000 കോടി ക്ലബ്ബില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ധുരന്ധര്‍ ടീമിനു സ്വന്തം. മാര്‍ച്ച് 19-ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ മൂന്നു ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. നിലവില്‍ ഇന്ത്യയില്‍നിന്ന് മാത്രം 674.14 കോടിയിലേറെയാണു ചിത്രം കരസ്ഥമാക്കിയത്.
വിദേശ വിപണികളിലും ചിത്രം വന്‍ ചലനമാണുണ്ടാക്കുന്നത്. എട്ടു ദിവസത്തിനുള്ളില്‍ 261.92 കോടി രൂപയാണ് വിദേശത്തുനിന്നുള്ള ഗ്രോസ് കളക്ഷന്‍. ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്‍' (1100 കോടി), കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവയുടെ റെക്കോര്‍ഡുകളിലേക്കാണ് ചിത്രം ഇപ്പോള്‍ നീങ്ങുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി ഉണ്ടായിരുന്നില്ല. എന്നിട്ടും റെക്കോര്‍ഡ് വിജയമാണു വിദേശത്തുനിന്നു ചിത്രം നേടിയത്.
2025-ലെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ധുരന്ധറി'ന്റെ രണ്ടാം ഭാഗമാണിത്. പാകിസ്ഥാന്‍ രാഷ്ട്രീയ മേഖലയിലും അധോലോകത്തും ഹംസ എന്ന കഥാപാത്രം നടത്തുന്ന നീക്കങ്ങളും ജസ്‌കിരാത് സിങ് രംഗി എന്നയാളുടെ ഭൂതകാലവുമാണ് സിനിമയുടെ പ്രമേയം. രണ്‍വീര്‍ സിംഗിനൊപ്പം ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.