'ധുരന്ധറി'ൽ നിന്ന് ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ബോളിവുഡ് കീഴടക്കി 'ധുരന്ധർ',300കോടി നേട്ടം അരികെ

പപ്പപ്പ ഡസ്‌ക്‌

2025ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റുകളിലൊന്നായി മാറുകയാണ് സൂപ്പര്‍താരം രണ്‍വീര്‍ സിങ്ങിന്റെ 'ധുരന്ധര്‍'. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സ്‌പൈ ത്രില്ലര്‍ ബോക്‌സ് ഓഫീസില്‍ ശക്തമായ കുതിപ്പുതുടരുന്നു. വെള്ളിയാഴ്ച രണ്ടാം വാരത്തിലേക്കു കടന്ന ചിത്രം റെക്കോഡ് കളക്ഷനിലേക്കു കുതിക്കുകയാണ്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 'ധുരന്ധര്‍' ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 290 കോടി രൂപ പിന്നിട്ടു. രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തോടെ 300 കോടി രൂപയിലേക്ക് അടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

രണ്ടാം ആഴ്ചയുടെ തുടക്കം മുതല്‍ ചിത്രം ട്രെന്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്. രണ്ടാം വെള്ളിയാഴ്ച, അതായത് എട്ടാം ദിവസം, ചിത്രം 32.5 കോടി രൂപ കളക്ഷന്‍ നേടി. ഏഴാം ദിവസത്തെ കളക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനത്തിലധികം വര്‍ധനവാണിത്. വാരാന്ത്യത്തില്‍ കളക്ഷന്‍ കൂടുതല്‍ വര്‍ധിച്ചു. ശനിയാഴ്ച ചിത്രം 53 കോടി രൂപ നേടി, 60 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. ഈ കുതിപ്പ് തുടര്‍ന്നാല്‍, പദ്മാവതിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷനെ മറികടന്ന് രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി ധുരന്ധര്‍ മാറുമെന്നാണു പ്രതീക്ഷ.

സാക്‌നില്‍കിന്റെ കണക്കനുസരിച്ച്, ധുരന്ധറിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ നിലവില്‍ 292.75 കോടി രൂപയിലേറെയാണ്. ആദ്യ ആഴ്ച ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച കളക്ഷന്‍ നേടി. ആദ്യ വെള്ളിയാഴ്ച 28 കോടി രൂപയും ശനിയാഴ്ച 32 കോടി രൂപയും ഞായറാഴ്ച 43 കോടി രൂപയും നേടി. തിങ്കളാഴ്ച 23.25 കോടി രൂപയും ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴ്ചയും 27 കോടി രൂപ വീതം നേടി. ഇതോടെ ആദ്യ ആഴ്ചയിലെ ആകെ കളക്ഷന്‍ 207.25 കോടി രൂപയായി.

'ധുരന്ധറി'ൽ നിന്ന്

രണ്ടാം വാരത്തിലും ചിത്രം ബോക്‌സ് ഓഫീസില്‍ ആധിപത്യം നിലനിര്‍ത്തി. എട്ടാം ദിവസം 32.5 കോടി രൂപയും ഒന്‍പതാം ദിവസം 53 കോടി രൂപയും നേടി. റിലീസ് ചെയ്ത് ഒമ്പത് ദിവസത്തിനുള്ളില്‍ ആകെ 292.75 കോടി രൂപ കടന്നു. നിലവിലെ പ്രദര്‍ശനത്തിന്റെ കണക്കു പരിശോധിച്ചാല്‍, ഇന്ത്യയില്‍നിന്ന് 302.15 കോടി രൂപ സമാഹരിച്ച പദ്മാവതിനെ ധുരന്ധര്‍ മറികടക്കും. പത്താം ദിവസത്തോടെ ഈ നാഴികക്കല്ല് കൈവരിക്കാന്‍ സാധ്യതയുണ്ട്. ധുരന്ധര്‍ രണ്‍വീര്‍ സിങ്ങിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറും.

രണ്‍വീര്‍ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, ആര്‍. മാധവന്‍, സഞ്ജയ് ദത്ത് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധാനം ആദിത്യ ധര്‍ ആണ്. പാകിസ്ഥാൻ വിരുദ്ധ പരാമർശങ്ങളെത്തുടർന്ന് ആറ് ​ഗൾഫ് രാജ്യങ്ങളിൽ ചിത്രം നിരോധിച്ചിരുന്നു.