ബോളിവുഡ് മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്രലോകം ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താടിയ 'ധുരന്ധര്‍' സ്‌പൈ ത്രില്ലറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും. നായകൻ രണവീര്‍ സിങ്ങും സംവിധായകന്‍ ആദിത്യ ധറും സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ ആവേശകരമായ വാര്‍ത്ത പങ്കുവച്ചത്.
ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12:12ന് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും സൂചിപ്പിച്ചത്. ലളിതമെങ്കിലും നിഗൂഢത നിറഞ്ഞ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി ദിവസങ്ങൾക്കുള്ളിലാണ് രണ്ടാംഭാഗത്തിന്റെ ടീസർ വരുന്നത്.
ആദ്യ ഭാഗം അവസാനിച്ചിടത്തുനിന്നാണ് രണ്ടാം ഭാഗത്തിന്റെ തുടക്കം. പാകിസ്ഥാന്‍ അധോലോകത്തു നുഴഞ്ഞുകയറിയ ഇന്ത്യന്‍ ഏജന്റ് ഹംസ അലി മസ്ഹരിയുടെ പോരാട്ടം കൂടുതല്‍ കടുപ്പമേറിയ ഘട്ടത്തിലേക്കു കടക്കുകയാണ്. റഹ്‌മാന്‍ ഡക്കൈറ്റിനെ വധിച്ച ശേഷം ഹംസ പാകിസ്ഥാന്‍ രാഷ്ട്രീയത്തിലും അധോലോകത്തിലും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു. ജമീല്‍ ജമാലിയെപ്പോലുള്ള രാഷ്ട്രീയക്കാരുടെ വിശ്വസ്തനായി മാറുന്ന ഹംസ, ജമാലിയുടെ മകള്‍ യാലീനയെ വിവാഹം കഴിച്ചുകൊണ്ട് തന്റെ സ്ഥാനം ഭദ്രമാക്കി. ഇത്തവണ ഹംസയുടെ ലക്ഷ്യം മേജര്‍ ഇഖ്ബാല്‍ എന്ന 'ബഡേ സാബ്' ആണ്. ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഈ ഐഎസ്‌ഐ തലവനെ ഹംസ എങ്ങനെ നേരിടും എന്നതാണ് രണ്ടാം ഭാഗത്തിന്റെ കാതല്‍.
ഇന്ത്യന്‍ ചലച്ചിത്രവ്യവസായത്തില്‍ സമാനതകളില്ലാത്ത വിജയമാണ് ധുരന്ധര്‍ നേടിയത്. ഡബ്ബിങ് പതിപ്പുകളുടെ സഹായമില്ലാതെ, ഒരൊറ്റ ഭാഷയില്‍ റിലീസ് ചെയ്ത് 1,000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ഇന്ത്യന്‍ ചിത്രം എന്ന ഖ്യാതിയും ധുരന്ധര്‍ സ്വന്തമാക്കി. ആദിത്യ ധര്‍ ഒരുക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ രണവീര്‍ സിങ്ങിനൊപ്പം ആര്‍. മാധവന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മാര്‍ച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തും.