ബോളിവുഡ് എനർജി ബോംബ് രൺവീർ സിങ്ങും ആദിത്യ ധറും ഒന്നിക്കുന്ന 'ധുരന്ധർ 2' ഇന്ത്യൻ സിനിമയിൽ വലിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. തിയറ്ററുകളിൽ എത്തുന്നതിനു മുൻപുതന്നെ ചിത്രം സ്വന്തമാക്കിയ വമ്പൻ ബിസിനസ് കണക്കുകളാണ് ഇപ്പോൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നോൺ-തിയേറ്ററിക്കൽ ബിസിനസിൽ പുതിയ വിപ്ലവമാണു നടന്നത്.
അടുത്ത കാലത്തൊന്നും ഒരു ബോളിവുഡ് സിനിമയ്ക്കും ലഭിക്കാത്ത തുകയായ 245 കോടി രൂപയാണ് ചിത്രത്തിന്റെ നോൺ-തിയേറ്ററിക്കൽ അവകാശങ്ങൾ വഴി നിർമാതാക്കൾ സ്വന്തമാക്കിയത്. ഒടിടി- ജിയോ ഹോട്ട്സ്റ്റാർ 150 കോടി, സാറ്റലൈറ്റ്- സ്റ്റാർ നെറ്റ്വർക്ക് 50 കോടി, മ്യൂസിക്- ടി സീരീസ് 45 കോടി എന്നിങ്ങനെയാണ് ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വിറ്റുപോയത്.
ആദ്യ ഭാഗത്തിന് ഏകദേശം 140 കോടി രൂപയുടെ നോൺ-തിയേറ്ററിക്കൽ ബിസിനസ് ആയിരുന്നു കിട്ടിയത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ഈ തുക ഇരട്ടിയോളമായി വർധിച്ചു എന്നത് പ്രേക്ഷകരുടെയും ഇൻഡസ്ട്രിയുടെയും വിശ്വാസമാണ് വ്യക്തമാക്കുന്നത്. സാറ്റലൈറ്റ് വിപണിയിൽ മാന്ദ്യം നിലനിൽക്കുന്ന ഈ കാലഘട്ടത്തിലും സ്റ്റാർ നെറ്റ്വർക്ക് നൽകിയ തുക ചിത്രത്തിന്റെ ഹൈപ്പ് സൂചിപ്പിക്കുന്നു. ബി ടൗണിലെ എക്കാലത്തെയും വലിയ നോൺ-തിയേറ്ററിക്കൽ ഡീലുകളിൽ ഒന്നായി 'ധുരന്ധർ 2' മാറിയിരിക്കുകയാണ്.
രൺവീർ സിങ്ങിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ആക്ഷൻ പടമായിരിക്കും 'ധുരന്ധർ 2' എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. എന്തായാലും സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും അതോടൊപ്പം ചലച്ചിത്രലോകവും.