ബോക്സ് ഓഫീസിൽ റെക്കാഡുകൾ തകർത്ത് രൺവീർ സിങ്ങിന്റെ ആക്ഷൻ ത്രില്ലർ 'ധുരന്ധർ 2' മുന്നേറുന്നു. പ്രദർശനം തുടങ്ങി 23 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 1700 കോടി രൂപ എന്ന നാഴികക്കല്ലിനു തൊട്ടടുത്തെത്തിയിരിക്കുകയാണു ചിത്രം. ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ഐപിഎൽ സീസൺ ആരംഭിച്ചിട്ടും ചിത്രത്തിന്റെ കളക്ഷനിൽ ഇടിവു സംഭവിച്ചിട്ടില്ല.
റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, വെള്ളിയാഴ്ച (23-ാം ദിവസം) ചിത്രം 6.70 കോടി രൂപയാണ് ഇന്ത്യയിൽനിന്നു നേടിയത്. വ്യാഴാഴ്ചയിലെ 7.15 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആകെ കളക്ഷനിൽ ചിത്രം വൻ മുന്നേറ്റമാണു നടത്തുന്നത്. നിലവിൽ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 1,055.12 കോടി രൂപയായി ഉയർന്നു.
വിദേശ വിപണികളിലും 'ധുരന്ധർ 2' കരുത്ത് തെളിയിക്കുന്നുണ്ട്. ഓവർസീസ് മാർക്കറ്റിൽനിന്ന് ഇതുവരെ 408 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ തന്നെ ചിത്രം 1700 കോടി എന്ന ചരിത്ര നേട്ടം കൈവരിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. പ്രധാനമായും ഹിന്ദി പതിപ്പിൽ നിന്നാണു വലിയ ലാഭം കൊയ്യുന്നത്. 23-ാം ദിവസം ഹിന്ദി പതിപ്പ് മാത്രം 6.50 കോടി രൂപ നേടി. കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളിൽ നിന്നു ചിത്രം കളക്ഷൻ നേടുന്നുണ്ട്. മാർച്ച് 19-ന് തിയറ്ററുകളിലെത്തിയ "ധുരന്ധർ: ദി റിവഞ്ച്', ജസ്കിരാത് സിങ് രംഗി എന്ന അണ്ടർകവർ ഏജന്റിന്റെ സാഹസിക കഥയാണ് പറയുന്നത്.