2025ൽ ബോക്‌സ് ഓഫീസ് വിറപ്പിച്ച രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രേക്ഷപ്രീതിയോടെ മുന്നേറുകയാണ്. ആഗോളവ്യാപകമായി 1400 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഒന്നാം ഭാഗത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പുതന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റ തിരക്കിലാണ് സംവിധായകന്‍ ആദിത്യ ധറും സംഘവും.
എന്നാല്‍, ഇപ്പോള്‍ അക്ഷയ് ഖന്നയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് ചര്‍ച്ചയാകുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിനായി അക്ഷയ് ഖന്ന വീണ്ടും ലൊക്കേഷനില്‍ എത്തിയെന്നും അധിക സീനുകള്‍ ചിത്രീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ സത്യമില്ലെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് ഖന്ന ചിത്രത്തിന്റെ ഭാഗമാണെങ്കിലും നിലവില്‍ അദ്ദേഹത്തിന് വേണ്ടി പുതിയ സീനുകള്‍ ചിത്രീകരിക്കുന്നില്ല. ആദ്യ ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ തന്നെ എടുത്ത ഫ്‌ളാഷ് ബാക്ക് രംഗങ്ങളില്‍ മാത്രമായിരിക്കും താരം പ്രത്യക്ഷപ്പെടുക എന്നാണ് ലഭിക്കുന്ന വിവരം. കഥാഗതിയില്‍ നിര്‍ണായകമായ ഈ രംഗങ്ങള്‍ നേരത്തെ തന്നെ ചിത്രീകരിച്ചുകഴിഞ്ഞു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സംവിധായകന്‍ ആദിത്യ ധര്‍ നേരിട്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി അവസാനത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ എത്തിക്കാനാണ് ടീമിന്റെ ലക്ഷ്യം. ആദ്യ ഭാഗം നല്‍കിയ അതേ ആവേശം ഒട്ടും ചോരാതെ മാസ് ട്രെയിലറാണ് ആദിത്യ ധര്‍ ഒരുക്കുന്നത്. ശാശ്വത് സച്ച്‌ദേവ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന്റെ പണിപ്പുരയിലാണ്.
2025 ഡിസംബര്‍ അഞ്ചിനു പുറത്തിറങ്ങിയ 'ധുരന്ധര്‍' ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ത്ത വിജയമാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാര്‍ച്ച് 19-ന് തിയറ്ററുകളില്‍ എത്തും. രണ്‍വീര്‍ സിങ്ങിനു പുറമെ സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ വമ്പന്‍ താരനിര തന്നെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു.