ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്സിൽ ധുരന്ധറിന്റെ സമ്പൂർണ ആധിപത്യം.'സയ്യാര', 'കാന്താര: ചാപ്റ്റർ 1' എന്നീ ചിത്രങ്ങളും ഇത്തവണ പുരസ്കാരങ്ങളിൽ നേട്ടമുണ്ടാക്കി.
'ധുരന്ധറി'ലെ അഭിനയത്തിന് രൺവീർ സിങ് മികച്ച നടനുള്ള പുരസ്കാരം നേടി. 'സയ്യാര'യിലെ പ്രകടനത്തിന് അനീത് പദ്ദ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 'ധുരന്ധർ' സംവിധാനം ചെയ്ത ആദിത്യ ധറിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
'കാന്താര: ചാപ്റ്റർ 1' നിരൂപകരുടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി നിരൂപകരുടെ മികച്ച നടനുള്ള പുരസ്കാരവും നേടി. 'ഹഖ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതത്തിന് ധറിന് നിരൂപകരുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 'ധുരന്ധറി'ലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് ഖന്നയും പുരസ്കാരത്തിന് അർഹനായി. 'ഛാവ'യിലെ അഭിനയത്തിന് വിനീത് കുമാർ സിങ് മികച്ച സഹനടനായപ്പോൾ, 'ഹൗസ്ഫുൾ 5'ലെ പ്രകടനത്തിന് റിതേഷ് ദേശ്മുഖ് മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടി.
സംഗീത വിഭാഗത്തിലും 'സയ്യാര', 'ധുരന്ധർ' എന്നീ ചിത്രങ്ങൾ തിളങ്ങി. 'സയ്യാര'യുടെ ടൈറ്റിൽ ഗാനം ഈ വർഷത്തെ മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. 'ധുരന്ധറി'ലെ സംഗീതത്തിന് ശാശ്വത് സച്ദേവിന് മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചു. 'സയ്യാര'യിലെ ഗാനത്തിന് ഫഹീം അബ്ദുള്ള മികച്ച പിന്നണിഗായകനായും ഇർഷാദ് കാമിൽ മികച്ച ഗാനരചയിതാവായും തിരഞ്ഞെടുക്കപ്പെട്ടു. സംഗീതമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഇളയരാജയ്ക്ക് സമ്മാനിച്ചു.
ഒടിടി വിഭാഗത്തിൽ 'ദ് ബാഡ്സ് ഓഫ് ബോളിവുഡ്' മികച്ച വെബ് സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പരമ്പരയിലൂടെ ആര്യൻ ഖാൻ മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. 'പാതാൾ ലോക് 2'വിലെ അഭിനയത്തിന് ജയ്ദീപ് അഹ്ലാവത്ത് മികച്ച നടനായപ്പോൾ, 'ഡൽഹി ക്രൈം 3'യിലെ പ്രകടനത്തിന് ഷെഫാലി ഷാ മികച്ച നടിയായി. ഇതേ സീരീസിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ഹുമ ഖുറേഷിക്കും പുരസ്കാരം ലഭിച്ചു.
ടെലിവിഷൻ വിഭാഗത്തിൽ 'താരക് മേത്ത കാ ഉൾട്ടാ ചഷ്മ' ഈ വർഷത്തെ മികച്ച ടെലിവിഷൻ പരമ്പരയായി തിരഞ്ഞെടുക്കപ്പെട്ടു. 'ക്യുങ്കി സാസ് ഭി കഭി ബഹു ഥി 2'വിലെ അഭിനയത്തിന് അമർ ഉപാധ്യായും സ്മൃതി ഇറാനിയും യഥാക്രമം മികച്ച നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ നേടി.
അന്താരാഷ്ട്ര സിനിമകളെയും പുരസ്കാരച്ചടങ്ങിൽ ആദരിച്ചു. 'അവതാർ: ഫയർ ആൻഡ് ആഷ്' മികച്ച അന്താരാഷ്ട്ര ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മൈക്കൽ ബി. ജോർദാനും ജെസ്സി ബക്ക്ലിയും മികച്ച അന്താരാഷ്ട്ര നടനും നടിക്കുമുള്ള പുരസ്കാരങ്ങൾ നേടി. ടെയ്ലർ സ്വിഫ്റ്റിന് ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചു.
നവംബർ 20ന് മുംബൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു ആഗോള സിനിമയ്ക്കുള്ള സംഭാവനകൾ പരിഗണിച്ച് ജെയിംസ് കാമറൂണിനെയും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കമൽഹാസനെയും ചടങ്ങിൽ ആദരിച്ചു.