ചാന്തു മൊണ്ടേടി,അക്ഷയ് കുമാർ, റണ ദഗുബാട്ടി ഫോട്ടോ-അറേഞ്ച്ഡ്
Bollywood

ചാന്തു മൊണ്ടേടി ബോളിവുഡിലേക്ക്; ബൻസാലിക്കൊപ്പമല്ല, കൂടെ അക്ഷയ്കുമാറും റാണയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

‘കാർത്തികേയ 2’ എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടുകയും ‘തണ്ടേൽ’ എന്ന ചിത്രത്തിലൂടെ നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സമ്മാനിക്കുകയും നിരവധി പേരുടെ പ്രശംസ നേടുകയും ചെയ്ത സംവിധായകൻ ചാന്തു മൊണ്ടേടിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. ചാന്തു, റാണ ദഗുബാട്ടിയെയും ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനെയും ഒന്നിപ്പിക്കുന്നുവെന്നും, താത്കാലികമായി ‘മഹാകാൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദി-തെലുങ്ക് ദ്വിഭാഷാ ചിത്രമായിരിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കഥ സഞ്ജയ് ലീല ബൻസാലിയുടേതാണെന്നും വാർത്തകൾ പരന്നിരുന്നു.

ഇപ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിരിക്കുകയാണ് ചാന്തു മൊണ്ടേടി. 'റാണ, അക്ഷയ് കുമാർ, ഞാൻ എന്നിവർ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുവെന്നത് പൂർണമായും ശരിയാണ്. ഇത് ഹിന്ദി-തെലുങ്ക് ദ്വിഭാഷാ ചിത്രമായിരിക്കും. ഹിന്ദി പതിപ്പ് കരൺ ജോഹർ നിർമിക്കുമെന്ന് റാണ എന്നോട് പറഞ്ഞിട്ടുണ്ട്. തെലുങ്ക് പതിപ്പിന്റെ നിർമാണം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു വലിയ നിർമാണ കമ്പനിയെ തേടിക്കൊണ്ടിരിക്കുകയാണ്'-ചാന്തു മൊണ്ടേടി പറഞ്ഞു.

ചിത്രത്തിന് താൽക്കാലികമായി 'മഹാകാൽ' എന്നാണ് പേരിട്ടിരിക്കുന്നതെന്നും സംവിധായകൻ സ്ഥിരീകരിച്ചു. എന്നാൽ ചിത്രം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോൾ കഥയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. സാങ്കേതിക പ്രവർത്തകരെ അന്തിമമാക്കാനുണ്ട്. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോഴാണ് ആരംഭിച്ചത്. നിലവിൽ കാര്യങ്ങൾ ഇത്രയേയുള്ളൂ'-ചാന്തു മൊണ്ടേടി പറഞ്ഞു.

ചാന്തു മൊണ്ടേടി

സഞ്ജയ് ലീല ബൻസാലിയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നതെന്ന വാർത്ത ചാന്തു നിഷേധിച്ചു. ‘കാർത്തികേയ 2’യിലെ ചാന്തു മൊണ്ടേടിയുടെ പ്രവർത്തനത്തിൽ ഏറെ മതിപ്പുതോന്നിയ ബൻസാലി നേരിട്ട് അദ്ദേഹത്തെ ചിത്രത്തിലേക്ക് സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ‘ലവ് ആൻഡ് വാർ’ എന്ന ചിത്രത്തിന്റെ തിരക്കിലായതിനാൽ സംവിധാന ചുമതല ചാന്തുവിനെ ഏൽപ്പിക്കുകയായിരുന്നു ബൻസാലിയെന്നും വാർത്ത പരന്നിരുന്നു. എന്നാൽ ഇതെല്ലാം തെറ്റായ വാർത്തകളാണെന്ന് ചാന്തു മൊണ്ടേടി വ്യക്തമാക്കി.

'ഈ പ്രോജക്ടിന് സഞ്ജയ് ലീല ബൻസാലിയുമായി യാതൊരു ബന്ധവുമില്ല. കഥയും സംവിധാനവും എന്റേതാണ്. മറ്റൊരു കഥയുമായി ബന്ധപ്പെട്ട് സഞ്ജയ് സാറുമായി തീർച്ചയായും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അതേക്കുറിച്ച് പറയേണ്ട സമയത്ത് മാത്രമേ അത് പുറത്തുവരൂ'- ചാന്തു വ്യക്തമാക്കി.

സഞ്ജയ് ലീല ബൻസാലി

'റാണയും ഞാനും മുംബൈയിൽ വെച്ച് രണ്ട് തവണ കണ്ടുമുട്ടിയിരുന്നു. നല്ലൊരു കഥ വേണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. തുടർന്ന് രണ്ടോ മൂന്നോ ആശയങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ഒടുവിൽ ഈ മിത്തോളജിക്കൽ ചിത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു'- പ്രോജക്ട് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ചാന്തുവിന്റെ വാക്കുകൾ ഇങ്ങനെ.

ചാന്തു മൊണ്ടേടി സംവിധാനം ചെയ്ത ‘കാർത്തികേയ 2’ പോസ്റ്റർ

'ഒരു മിത്തോളജിക്കൽ ചിത്രം തിരഞ്ഞെടുക്കണമെന്നത് ബോധപൂർവമായ തീരുമാനമായിരുന്നില്ല. എന്നാൽ ശിവന്റെ ജന്മസ്ഥലമായ ഉജ്ജയിനിയുടെ ചരിത്രത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുള്ള കാര്യങ്ങൾ വളരെ കൗതുകകരവും ആവേശകരവുമായിരുന്നു. ആ പശ്ചാത്തലത്തിൽ ഒരു കഥ പറയണമെന്ന ആഗ്രഹം അതോടെയാണ് ഉണ്ടായത്. ഇതൊരു വലിയ ക്യാൻവാസിൽ പറയേണ്ട കഥയാണെന്ന് എനിക്ക് തോന്നി. ഞാൻ ദൈവത്തിൽ ശക്തമായി വിശ്വസിക്കുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ എന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചത് പ്രപഞ്ചം നടത്തിയ ഒരു തിരഞ്ഞെടുപ്പാണെന്ന് ഞാൻ കരുതുന്നു'- ചാന്തു മൊണ്ടേടി പറഞ്ഞു.