2026ലെ ആദ്യ വമ്പൻ റിലീസിനൊരുങ്ങുന്ന 'ബോർഡർ 2' ഗൾഫ് രാജ്യങ്ങളിൽ പ്രദർശിപ്പിക്കില്ല. ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിങ് ചിത്രം 'ധുരന്ധറി'നു ലഭിച്ച അതേ തിരിച്ചടിയാണ് ഈ യുദ്ധചിത്രത്തെയും തേടിയെത്തിയിരിക്കുന്നത്. ഗൾഫ് വിപണിയിലെ വിള്ളൽ അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തി. ബോളിവുഡ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബോർഡർ 2'. സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസാഞ്ച് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. എന്നാൽ, റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും ഗൾഫിലെ സിനിമാ പ്രേമികളെയും നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്.
യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലാണു ചിത്രത്തിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തെ ആസ്പദമാക്കി നിർമിക്കുന്ന, തീവ്ര ദേശീയത പ്രമേയമായ ചിത്രങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിക്കാറില്ല. "ബോർഡർ 2' വിലെ പാകിസ്ഥാൻ വിരുദ്ധ പരാമർശങ്ങളും ഉള്ളടക്കവുമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെൻസർ ബോർഡിന്റെ അനുമതിക്കായി അണിയറപ്രവർത്തകർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവിലെ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ചിത്രം റിലീസ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ 'ധുരന്ധർ' നേരിട്ട അതേ പ്രതിസന്ധിയാണ് "ബോർഡർ 2'-നും നേരിടേണ്ടി വന്നിരിക്കുന്നത്. 2025ലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് തരംഗമായിന്നിട്ടും ധുരന്ധറിന് ഗൾഫിൽ റിലീസ് ലഭിച്ചിരുന്നില്ല. ഏകദേശം നൂറു കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ചിത്രത്തിനുണ്ടായതെന്ന് വിദേശ വിതരണക്കാരനായ പ്രണബ് കപാഡിയ വ്യക്തമാക്കുന്നു. 'ഗൾഫ് വിപണി ഇന്ത്യൻ ആക്ഷൻ സിനിമകൾക്ക് വലിയ സാധ്യതകളുള്ള ഇടമാണ്. അവിടെ റിലീസ് ചെയ്യാൻ കഴിയാത്തത് വലിയ സാമ്പത്തിക നഷ്ടം തന്നെയാണ്. എങ്കിലും ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും തീരുമാനങ്ങളെയും നാം ബഹുമാനിക്കേണ്ടതുണ്ട്...'- കപാഡിയ പറഞ്ഞു.
ആദ്യമായല്ല ഇന്ത്യൻ സിനിമ ഗൾഫിൽ തടസങ്ങൾ നേരിടുന്നത്. നേരത്തെ, ഹൃത്വിക് റോഷന്റെ ഫൈറ്റർ, ടൈഗർ 3, ആർട്ടിക്കിൾ 370 തുടങ്ങിയ ചിത്രങ്ങളും സമാനമായ കാരണങ്ങളാൽ ഗൾഫ് തിയറ്ററുകളിൽ എത്തിയിരുന്നില്ല. ഇന്ത്യയുമായും പാകിസ്ഥാനുമായും ഒരേപോലെ സൗഹൃദം പുലർത്തുന്ന ഗൾഫ് രാജ്യങ്ങൾ, രാഷ്ട്രീയമായി പ്രകോപനപരമായ സിനിമകളെ പ്രോത്സാഹിപ്പിക്കാറില്ല എന്നതാണ് വാസ്തവം.
ഗൾഫിലെ നഷ്ടം ബോക്സ് ഓഫീസ് കളക്ഷനെ ബാധിക്കുമെങ്കിലും നിർമാതാക്കൾ ശുഭപ്രതീക്ഷയിലാണ്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും ലഭിക്കുന്ന സ്വീകാര്യത ഈ നഷ്ടം നികത്തുമെന്ന് അവർ വിശ്വസിക്കുന്നു. അനുരാഗ് സിങ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 23-നാണ് തിയറ്ററുകളിലെത്തുന്നത്. ഗൾഫ് വിപണി നഷ്ടപ്പെട്ടാലും, തിയറ്ററുകളിൽ ആവേശം വിതറാൻ സണ്ണി ഡിയോളും സംഘവും തയാറെടുത്തു കഴിഞ്ഞു. ഇനി കണ്ണുകൾ ബോക്സ് ഓഫീസിലേക്ക്.