ആര്യന്‍ ഖാന്‍ ഫോട്ടോ കടപ്പാട്-ഐഎംഡിബി
Bollywood

ആര്യൻ ഖാൻ വീണ്ടും വിവാദത്തിൽ,ഇത്തവണ ബെംഗളൂരു പബ്ബിൽ അശ്ലീല ആം​ഗ്യം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകനും സംവിധായകനുമായ ആര്യന്‍ ഖാന്‍ വീണ്ടും വിവാദത്തില്‍. ബെംഗളൂരുവില്‍ സ്വകാര്യ പരിപാടിക്കായെത്തിയ ആര്യന്‍ നഗരത്തിലെ ഒരു പബ്ബിൽ സ്വാഗതമാശംസിച്ച ആരാധകര്‍ക്കുനേരെ 'നടുവിരല്‍' ഉയര്‍ത്തിക്കാണിച്ചതുമാണ് പുതിയ വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചത്. 2018-ൽ യുബി സിറ്റിയിലെ പബ്ബിൽ യുവാവിനെ ക്രൂരമായ ആക്രമിച്ച കേസിൽ ജയിലിൽപോയതുള്‍പ്പെടെ വിവാദപരമായ ഭൂതകാലമുള്ളയാളും ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ.ഹാരിസിന്റെ മകനുമായ നല്‍പാഡ് ഹാരീസ്, കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സയിദ് ഖാന്‍ എന്നിവരോടൊപ്പമായിരുന്നു ആര്യന്റെ പബ്ബ് സന്ദര്‍ശനം. അശോക് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പബ്ബിലാണ് ആര്യന്‍ ഖാന്‍ എത്തിയത്.

സംഭവത്തിന്റെ വീഡിയോ വൈറലാണ്. ആര്യന്‍ പൊതുസ്ഥലത്ത് രണ്ടു കൈയുടേയും നടുവിരല്‍ ഉയര്‍ത്തി, വൃത്തികെട്ട ആഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ബംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടക പോലീസ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. ആര്യന്‍ ഖാന്റെ ഒപ്പമുണ്ടായിരുന്ന നല്‍പാഡിനെതിരേ നിരവധികേസുകളുണ്ട്.

പബ്ബില്‍ ഇവര്‍ എന്തൊക്കെ ചെയ്തുകൂട്ടിയെന്ന് റിപ്പോര്‍ട്ടില്ല. പബ്ബില്‍ ഉണ്ടായിരുന്നവര്‍ക്കുനേരേ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആര്യന്‍ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിനു പിന്നിലെ കാരണവും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. സെലിബ്രിറ്റികള്‍ക്ക് തോന്നിയതെന്തും ചെയ്യാമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

എ.എൻ.ഐ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സാം​ഗി റോഡിൽ താമസിക്കുന്ന അഭിഭാഷകനായ എസ്. ഓവൈസ് ഹുസൈൻ ഡിജിപിക്കും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും സെൻട്രൽ ഡിവിഷൻ ഡിസിപിക്കും കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കും കര്‍ണാടക വനിതാ കമ്മീഷനും പരാതി സമർപ്പിച്ചു. പൊതുസ്ഥലത്ത് അസഭ്യ ആം​ഗ്യം കാണിച്ചതിന് ആര്യൻ ഖാനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പരാതിയിലെ ആവശ്യം. സംഭവം വിവാദമായതോടെ, ഷാരൂഖ് ഖാന്റെ പ്രതികരണമാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ ബോളിവുഡ് സൂപ്പര്‍താരം ഇതിനോടു പ്രതികരിച്ചിട്ടില്ല.

ആര്യന്‍ ഖാന്‍

ആര്യൻ ഖാൻ മുമ്പും നിരവധി വിവാദങ്ങളുടെ കേന്ദ്രമായിട്ടുണ്ട്. 2021-ൽ മുംബൈ ക്രൂയിസ് പാർട്ടി കേസിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റ് ചെയ്തതാണ് ഇതിൽ ഏറ്റവും പ്രധാനം. കേസിന് വൻ മാധ്യമശ്രദ്ധ ലഭിച്ചെങ്കിലും മാസങ്ങളോളം നീണ്ട അന്വേഷണത്തിനു ശേഷം മയക്കുമരുന്ന് കൈവശംവെച്ചതായോ ഉപയോഗിച്ചതായോ തെളിവുകളൊന്നും ഇല്ലെന്ന് വ്യക്തമാക്കി എൻസിബി ആര്യന് ക്ലീൻചിറ്റ് നൽകി. പക്ഷേ ആ വിവാദത്തോടെ ആര്യനുമേൽ എപ്പോഴും ജനശ്രദ്ധ പതിയാൻ തുടങ്ങി. താരപുത്രന്മാരുടെ ചെയ്തികളെക്കുറിച്ച് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നായി അതു മാറുകയും ചെയ്തു.