ലോകം കാത്തിരിക്കുന്ന ഇതിഹാസചിത്രം, നിതീഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'രാമായണ'യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മുതിര്‍ന്ന നടന്‍ അരുണ്‍ ഗോവില്‍ അയോധ്യയിലെ ദശരഥ മഹാരാജാവായി എത്തുന്ന പ്രത്യേക പോസ്റ്ററാണ് നിര്‍മാതാക്കള്‍ പങ്കുവെച്ചിരിക്കുന്നത്.
രാമാനന്ദ് സാഗറിന്റെ ഐക്കോണിക് 'രാമായണ' പരമ്പരയില്‍ ശ്രീരാമനായി വേഷമിട്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ അരുണ്‍ ഗോവില്‍, ദശകങ്ങള്‍ക്കുശേഷം അതേ കഥയില്‍ രാമന്റെ പിതാവായ ദശരഥനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 'ഒരുകാലത്ത് ഒരു തലമുറയ്ക്കായി രാമനെ ജീവസുറ്റതാക്കിയ നടന്‍, ഇപ്പോള്‍ അയോധ്യയുടെ രാജാവായി രാമായണ ലോകത്തേക്ക് തിരിച്ചെത്തുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ ചിത്രത്തില്‍ രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും അഭിനയിക്കുന്നു. കൂടാതെ സണ്ണി ഡിയോള്‍, രവി ദുബെ തുടങ്ങിയ വന്‍ താരനിരയും സിനിമയിലുണ്ട്. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎന്‍ഇജി, യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.