പ്രശസ്ത ബോളിവുഡ് താരം അനുപം ഖേർ വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര ലോകത്തേക്ക്. 'ഔട്ട് ഓഫ് ഫാഷൻ' എന്നു പേരിട്ടിരിക്കുന്ന സ്വീഡിഷ്-ബെൽജിയൻ ചിത്രത്തിലാണ് താരം പ്രധാന വേഷത്തിൽ എത്തുന്നത്. അനുപം ഖേറിന്റെ കരിയറിലെ 556-ാമത്തെ ചിത്രമാണിത്. ജെൻസ് ജോൺസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനിൽ മുൻഷിയാണ്. അദ്ദേഹവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹെലീന ബെർഗ്സ്ട്രോം, ബഹർ പാർസ്, ക്രിസ്റ്റ കൊസോനെ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങളും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ ഭാഗമായതിലുള്ള സന്തോഷം അനുപം ഖേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു: 'സിനിമയ്ക്ക് ഭാഷയില്ലെന്ന് ഒരിടത്ത് വായിച്ചത് ഓർക്കുന്നു. അന്നത് പൂർണമായി മനസിലായിരുന്നില്ല. എന്നാൽ ഇന്ന്, എന്നിൽനിന്നും തികച്ചും വ്യത്യസ്തമായ സംസ്കാരവും ഭാഷയുമുള്ള ഒരു കൂട്ടം ആളുകൾക്കിടയിൽ, സ്വീഡിഷ്-ബെൽജിയൻ ചിത്രത്തിന്റെ സെറ്റിൽ നിൽക്കുമ്പോൾ അതിന്റെ അർഥം ഞാൻ അനുഭവിച്ചറിയുന്നു...'
വർഷങ്ങൾക്കു ശേഷം പുതിയ ലോകത്തിലേക്ക് ചുവടുവെക്കാനും പുതിയ അനുഭവങ്ങൾ കണ്ടെത്താനും സാധിക്കുന്നത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലിയ ഗെബൗർ, സിരി ഹ്ജോർട്ടൻ വാഗ്നർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം, ബ്രിഡ്ജ് ആൻഡ് പ്രിജുഡീസ്, സിൽവർ ലൈനിങ്സ് പ്ലേബുക്ക്, ലസ്റ്റ് കോഷൻ, ഹോട്ടൽ മുംബൈ തുടങ്ങി നിരവധി ഹോളിവുഡ്-അന്താരാഷ്ട്ര ചിത്രങ്ങളിൽ ഇതിനോടകം അനുപം ഖേർ അഭിനയിച്ചിട്ടുണ്ട്.