1.ടോം ക്രൂയിസ് 2.അമീഷ പട്ടേൽ ഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ
Bollywood

'ടോം ക്രൂയിസ് സ്വപ്നപുരുഷൻ', അ​​ഗാധ പ്രണയമെന്നും അമീഷ പട്ടേൽ

പപ്പപ്പ ഡസ്‌ക്‌

'കഹോ നാ പ്യാര്‍ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിന്റെ സ്വപ്നനായികയായി മാറിയ അമീഷ പട്ടേല്‍ കഴിഞ്ഞദിവസം തന്റെ 'സ്വകാര്യ ആഗ്രഹം' തുറന്നുപറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി മാറി. വിഖ്യാത ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് തന്റെ 'സ്വപ്‌നപുരുഷന്‍' ആണെന്നും അദ്ദേഹത്തോട് അഗാധമായ പ്രണയമുണ്ടെന്നും അദ്ദേഹത്തോടൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് 50കാരിയായ അമീഷ പറഞ്ഞത്.

തനിക്ക് ഇപ്പോഴും വിവാഹാലോചനകള്‍ വരുന്നുണ്ടെന്നും തന്നേക്കാള്‍ പ്രായം കുറഞ്ഞവര്‍വരെ പ്രപ്പോസ് ചെയ്യാറുണ്ടെന്നും അമീഷ തുറന്നുപറഞ്ഞു. രണ്‍വീര്‍ അല്ലാബാദിയയുടെ പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട പഴയ ബോളിവുഡ് നായിക, തന്റെ സെലിബ്രിറ്റി ക്രഷ് ടോം ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു. രണ്‍വീറിനോട് അദ്ദേഹത്തോടൊപ്പം ഒരു പോഡ്കാസ്റ്റ് ചെയ്യുമോ എന്നും, ദയവായി തന്നെ അതിലേക്ക് ക്ഷണിക്കണമെന്നും അമീഷ ആവശ്യപ്പെടുകയും ചെയ്തു.

'എനിക്ക് ടോം ക്രൂയിസിനെ കുട്ടിക്കാലം മുതല്‍ ഇഷ്ടമാണ്. എന്റെ പെന്‍സില്‍ ബോക്‌സിലും ഫയലുകളിലും അദ്ദേഹത്തിന്റെ ചിത്രം ഉണ്ടായിരുന്നു. എന്റെ മുറിയിലെ ഒരേയൊരു പോസ്റ്റര്‍ ടോം ക്രൂസിന്റെതായിരുന്നു. അദ്ദേഹം എപ്പോഴും എന്റെ സ്വപ്നനായകനായിരുന്നു. അദ്ദേഹത്തിന് വേണ്ടി എന്തും ഞാന്‍ ചെയ്യും. അദ്ദേഹത്തോടൊപ്പം ഒരു രാത്രി, പ്രണയം പങ്കിടാനും എനിക്ക് ആഗ്രഹമുണ്ട്...'-അമീഷ പറഞ്ഞു.

യോഗ്യനായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കാന്‍ തയാറാണെന്നും അമീഷ വ്യക്തമാക്കി. സമ്പന്ന കുടുംബങ്ങളില്‍നിന്ന് ഇപ്പോഴും വിവാഹാഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്. തന്റെ പാതി പ്രായമുള്ള പുരുഷന്മാര്‍ പോലും വിവാഹം കഴിക്കാന്‍ ആഗ്രഹമറിയിച്ചിട്ടുണ്ടെന്നും അമീഷ പറഞ്ഞു.

അമീഷ പട്ടേൽ

വിവാഹാലോചന നിരസിക്കേണ്ടി വന്നതിന്റെ കാരണങ്ങളും അമീഷ വെളിപ്പെടുത്തി. ആ വ്യക്തി തന്നെ വീട്ടില്‍ തളച്ചിടാന്‍ ആഗ്രഹിച്ചു. തനിക്ക് സമ്മതമായിരുന്നില്ല. യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്ന ആളുകള്‍ അവരുടെ പങ്കാളിയുടെ കരിയര്‍ അഭിവൃദ്ധിപ്പെടുത്താന്‍ കൂടെനില്കും. പ്രണയത്തിനുവേണ്ടി തന്റെ കരിയറില്‍ ഒരുപാടു നഷ്ടം സഹിച്ചിട്ടുണ്ട്. രണ്ട് പുരുഷന്മാരുമായുള്ള ബന്ധങ്ങളില്‍നിന്ന് പാഠം പഠിച്ചിട്ടുണ്ടെന്നും അമീഷ തുറന്നുപറഞ്ഞു.

2023ല്‍ സണ്ണി ഡിയോളിനൊപ്പം ഗദ്ദര്‍ 2 എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. 2024-ല്‍ പുറത്തിറങ്ങിയ തൗബ തേരാ ജല്‍വ എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ചു. ആദ്യം ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടുമായും പിന്നീട് ലണ്ടനിലെ വ്യവസായി കനവ് പുരിയുമായുള്ള അമീഷയുടെ പ്രണയം ഒരുകാലത്ത് ബോളിവുഡിൽ വൻചർച്ചയായിരുന്നു.