പ്രതിഫലത്തർക്കത്തെത്തുടർന്ന് ദൃശ്യം 3-ൽ നിന്ന് ബോളിവുഡ് താരം അക്ഷയ് ഖന്ന പിന്മാറി. ദൃശ്യം- 3 ഹിന്ദി റീമേക്കിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അക്ഷയ് ഖന്നയുടെ പിന്മാറ്റം. തിങ്കളാഴ്ചയാണ് ചിത്രത്തിലെ നായകനും ബോളിവുഡ് സൂപ്പർസ്റ്റാറുമായ അജയ് ദേവഗൺ ദൃശ്യം- 3 2026 ഒക്ടോബർ രണ്ടിന് ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
2022 ൽ റിലീസ് ചെയ്ത ദൃശ്യം- 2 എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ഖന്ന ദൃശ്യം ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയിൽ പ്രവേശിച്ചത്. ചിത്രത്തിൽ, തന്റെ മുൻഗാമിയായ മീര ദേശ്മുഖിന്റെ (തബു) അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ ഐജി തരുൺ അഹ്ലാവത്തിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഛാവ, ധുരന്ധർ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ അക്ഷയ് ഖന്നയ്ക്ക് 2025 മികച്ച വർഷമാണ്. ഛാവയിൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ വേഷമാണ് താരം ചെയ്തത്. ചിത്രത്തിൽ ഛത്രപതി സംഭാജി മഹാരാജിന്റെയും വേഷം ചെയ്തത് വിക്കി കൗശൽ ആയിരുന്നു. ധുരന്ധറിലും മികച്ച കഥപാത്രമാണ് അക്ഷയ് ഖന്നയ്ക്കു ലഭിച്ചത്. ലിയാരി ഗുണ്ടാസംഘത്തിലെ അംഗമായ റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ധുരന്ധറിലെ നൃത്തത്തിന് അക്ഷയ് ഖന്ന പ്രത്യേക പ്രശംസയും ജനപ്രീതിയും നേടി.
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളാണ് ധുരന്ധറും ഛാവയും. ധുരന്ധർ റെക്കോർഡുകളുമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അക്ഷയ് ഖന്ന അടുത്തതായി അഭിനയിക്കുന്നത് മഹാകാളി എന്ന തെലുങ്ക് ചിത്രത്തിലാണ്. അസുരഗുരു ശുക്രാചാര്യയുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ഹനുമാൻ എന്ന ചിത്രത്തിലൂടെ പ്രശസ്തിനേടിയ പ്രശാന്ത് വർമ തിരക്കഥയെഴുതി പൂജ അപർണ കൊല്ലുരു സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണിത്. 2026ൽ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് അക്ഷയ് ഖന്ന ഡേറ്റ് നൽകിയതയായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.