ബി ടൗണ്‍ സൂപ്പര്‍താരം അക്ഷയ്കുമാർ തന്റെ കരിയറിലെ രസകരമായ പഴയകാല അനുഭവം പങ്കുവച്ചത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. 2002-ല്‍ പുറത്തിറങ്ങിയ 'ജാനി ദുശ്മന്‍: ഏക് അനോഖി കഹാനി' എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ചും, പണത്തിന് ആവശ്യമുണ്ടായിരുന്നതിനാല്‍ മരിച്ച കഥാപാത്രത്തെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ചും താരം മനസു തുറന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അക്ഷയ് ഓര്‍മകള്‍ പങ്കുവച്ചത്.
സിനിമയില്‍ ഒരു ദിവസത്തെ അഭിനയത്തിന് എട്ട് മുതല്‍ ഒമ്പത് ലക്ഷം രൂപ വരെയാണ് അക്കാലത്തു തനിക്കു ലഭിച്ചിരുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തി. ചിത്രത്തില്‍ അര്മാന് കോഹ്ലിയുടെ കഥാപാത്രം അക്ഷയ് കുമാറിനെ കൊല്ലുന്നതോടെ താരത്തിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പണത്തിന് അത്യാവശ്യമുണ്ടായിരുന്നതിനാല്‍ വീണ്ടും അഭിനയിക്കാന്‍ താരം സംവിധായകനെ സമീപിക്കുകയായിരുന്നു.
'എന്റെ ഷൂട്ടിങ് കഴിഞ്ഞിരുന്നു. എന്നാല്‍ പണം ആവശ്യമായതിനാല്‍ ഞാന്‍ സംവിധായകന് രാജ്കുമാര് കോഹ്ലിയെ ചെന്ന് കണ്ടു. മറ്റൊരു നടന്റെ ഡേറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവരാമോ എന്ന് ചോദിച്ചു. നീ മരിച്ചുപോയല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ ഒരു പോംവഴി കണ്ടെത്തി. എന്റെ കഥാപാത്രത്തെ കൊല്ലാതെ കോമയിലാക്കി മാറ്റുകയും അങ്ങനെ അഞ്ച് ദിവസം കൂടി ഫൈറ്റ് സീനുകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം നല്‍കുകയും ചെയ്തു...' അക്ഷയ് കുമാര്‍ പറഞ്ഞു.
രാജ്കുമാര് കോഹ്ലി സംവിധാനം ചെയ്ത അവസാന ചിത്രമായിരുന്നു 'ജാനി ദുശ്മന്‍'. അക്ഷയ് കുമാറിനെ കൂടാതെ സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. പ്രിയദര്ശന് ചിത്രം 'ഭൂത് ബംഗ്ലാ' ആണ് നിലവില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന അക്ഷയ് കുമാര്‍ ചിത്രം.