നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമായ 'രാമായണ'ത്തിൽ മലയാളികളുടെ പ്രിയതാരം ശോഭനയും പ്രധാനവേഷത്തിലെത്തുന്നു. ശോഭന തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വാർത്ത അറിയിച്ചത്. 'തലമുറകളെ രൂപപ്പെടുത്തിയ കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്...' എന്നു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചുകൊണ്ടാണ് താനും രാമായണത്തിന്റെ ഭാഗമാകുന്നതിന്റെ വിശേഷം ശോഭന പങ്കുവച്ചത്.
രാവണന്റെ അമ്മ, 'കൈകസി'യുടെ വേഷമാണ് ശോഭന അവതരിപ്പിക്കുന്നത്. യാഷ് ആണ് രാവണന്റെ വേഷത്തിലെത്തുന്നത്. രാമനായി രൺബീർ കപുറും സീതയായി സായി പല്ലവിയും അഭിനയിക്കുന്നു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് രണ്ടു ഭാഗങ്ങളുണ്ടാകും. ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ നീക്കം. എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സംഗീതം ഒരുക്കുന്നത്. ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രമായാണ് 'രാമായണ'ത്തെ കണക്കാക്കുന്നത്.