അഭിഷേക് ബച്ചൻ,ഷോലെ പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Bollywood

'ആ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു'; 'ഷോലെ' റീ റിലീസിൽ അഭിഷേക് ബച്ചൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

'ഷോലെ' തിയറ്ററില്‍ കാണുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍താരവും ഇതിഹാസ നടന്‍ അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 'ഷോലെ'യില്‍ ബച്ചന്‍ അവതരിപ്പിച്ച ജയ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ട് താരം എഴുതി- 'വലിയ സ്‌ക്രീനില്‍, ഷോലെ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ടിവിയിലും വിഎച്ച്എസ്/ഡിവിഡിയിലും മാത്രം കണ്ട ചിത്രം തിയേറ്ററില്‍ കാണുക എന്നത് എന്റെ ആജീവനാന്ത സ്വപ്നമായിരുന്നു...ആ മഹത്തായ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോകുകയാണ്...'

അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ഒഴിവാക്കിയ യഥാര്‍ഥ ക്ലൈമാക്‌സും രണ്ടു സീനുകളും ചേര്‍ത്ത് പുതിയ രൂപത്തില്‍, 4കെ പതിപ്പിലാണ് റീ റിലീസ്. യഥാര്‍ഥ ക്ലൈമാക്‌സ് രമേഷ് സിപ്പി ചിത്രീകരിച്ചെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ചിത്രത്തിന്റെ പ്രാരംഭ റിലീസിന് മുമ്പ് നീക്കംചെയ്യുകയായിരുന്നു. ഗബ്ബര്‍ സിങ്ങിനെ (അംജദ് ഖാന്‍) ഠാക്കൂര്‍ (സഞ്ജീവ് കുമാര്‍) ചവിട്ടിക്കൊല്ലുന്നതാണ് യഥാര്‍ഥത്തില്‍ തിരക്കഥാകൃത്തുക്കൾ എഴുതുകയും ചിത്രീകരിക്കുകയും ചെയ്ത് സീന്‍. പിന്നീട്, അത് മാറ്റി റിലീസ് ചെയ്യുകയായിരുന്നു. ഇനിയാരും കാണരുത് എന്ന കരുതി വെട്ടിമാറ്റപ്പെട്ട രംഗങ്ങളും ക്ലൈമാക്‌സും ഉള്‍പ്പെടെയുള്ള സിനിമയ്ക്കായി ചലച്ചിത്രലോകവും ആരാധകരും ആഘോഷത്തോടെയാണ് കാത്തിരിക്കുന്നത്.